തിരക്കില്ലാതെ വാളയാർ ടോൾ പ്ലാസ; ചരക്കുലോറികളെല്ലാം ഫാസ്ടാഗിലേക്ക് മാറി

ചരക്കുവാഹനങ്ങള്‍ മിക്കതും ഫാസ്ടാഗിലേക്ക് മാറിയതോടെ കേരള അതിര്‍ത്തിയില്‍ വാളയാറിലെ ടോള്‍പ്ളാസയില്‍ തിരക്കില്ല. ഇതരസംസ്ഥാനവാഹനങ്ങളാണ് കൂടുതലായി ദേശീയപാതയിലൂടെ വാളയാര്‍ കടന്നുപോകുന്നത്. ഫാസ്ടാഗ് സംവിധാനം ലഭ്യമാക്കാന്‍ ടോള്‍പ്ളാസയില്‍ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നു.

പാലിയേക്കര ടോള്‍പ്ളാസ വഴി ദിവസം നാല്‍പതിനായിരം വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കില്‍ വാളയാര്‍ വഴി പോകുന്നത് ശരാശരി നാലായിരം മാത്രം. ഇതില്‍ തന്നെ ഭൂരിഭാഗവും ലോറികളും കണ്ടെയ്നറുകളുമാണ്. ഇതരസംസ്ഥാന ദീര്‍ഘദൂര ചരക്കുലോറികള്‍ മിക്കതും ഫാസ്ടാഗിലേക്ക് മാറിയിട്ടുളളതിനാല്‍ വാഹനങ്ങളുടെ നീണ്ടനിരയൊന്നും വാളായാറില്‍ ഇല്ല. ഒരു വശത്തേക്ക് അഞ്ചു വീതം ലെയ്നുകളുണ്ട്. ദിവസവും ഒന്നിലധികം ടോള്‍പ്ളാസകള്‍ കടക്കേണ്ടിവരുമെന്നതിനാല്‍ ഫാസ്ടാഗ് പ്രയോജനപ്പെടുന്നതായി ലോറി ‍ഡ്രൈവര്‍മാര് പറയുന്നു. 

വല്ലപ്പോഴും മാത്രം ടോള്‍പ്ളാസ കടക്കേണ്ടിവരുന്ന സ്വകാര്യ വാഹനഉടമസ്ഥരാണ് ഇപ്പോഴും ഫാസ്ടാഗിലേക്ക് മാറാന്‍ മടിക്കുന്നത്. വാളയാര്‍ ടോള്‍പ്ളാസ നിലനില്‍ക്കുന്ന പുതുശേരി പഞ്ചായത്തിലുളളവര്‍ക്ക് നേരത്തെ നല്‍കിയിരുന്ന സൗജന്യയാത്രാപാസ് ‌തുടരുമോയെന്നതില്‍ അവ്യക്തതയുണ്ട്. ടോളിന്റെ 20 കിലോമീറ്റര്‍ ചുറ്റളവിലുളളവര്‍ക്ക് 265 രൂപ നല്‍കിയാല്‍ ഒരുമാസം ടോള്‍പ്ളാസ കടക്കാം. 2015 ല്‍ പ്രവര്‍ത്തനം തുടങ്ങിയ വാളയാര്‍ ടോള്‍പ്ളാസയില്‍ ഇന്നേവരെ പരാതികളോ പ്രതിഷേധങ്ങളോ അധികമുണ്ടായിട്ടില്ല. ചരക്കുവാഹനങ്ങള്‍ കൂടുതലായി ഫാസ്ടാഗിലേക്ക് മാറുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാകും.