അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ച; കുടിവെള്ളം മുട്ടി വണ്ടൂർ

മലപ്പുറം വണ്ടൂര്‍ ടൗണിലേയും സമീപപ്രദേശങ്ങളിലേയും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ എട്ടു മാസമായി കുടിവെളളം പേരിനു മാത്രം. മോട്ടോറിന്റേയും ഉപകരണങ്ങളുടേയും അറ്റകുറ്റപ്പണികള്‍ ജലസേചനവകുപ്പ് യഥാസമയത്ത് നടത്താത്തതാണ് വിതരണത്തിന് തടസമായത്.

വണ്ടൂർ ടൗണിനു സമീപത്തെ നാലു സെൻറ് കോളനിയില്‍ നിന്നുളള കാഴ്ച്ചയാണിത്. വെളളമെത്തുമെന്ന പ്രതീക്ഷയില്‍ പൈപ്പിനു സമീപത്ത് കാത്തു കിടക്കുകയാണ്. നാട്ടുകാർക്ക് പുറമേ, ഇതര സംസ്ഥാന തൊഴിലാളികളും കുടിവെള്ളത്തിനായി അലയേണ്ട ഗതികേടിലാണ്. ചാലിയാറില്‍ വടപുറം താളിപൊയിലിലാണ് ജലവകുപ്പിന്റെ പമ്പ് ഹൗസ്.  പമ്പ് ചെയ്യുന്ന വെള്ളം വണ്ടൂരിൽ രണ്ട് ടാങ്കുകളിലായാണ് സൂക്ഷിക്കുന്നത് . തുടർച്ചയായി പമ്പ് ചെയ്താൽ മാത്രമേ വെള്ളം വിതരണത്തിന് തികയൂ. മിക്ക സമയങ്ങളിലും വേണ്ടത്ര വോൾട്ടേജില്ലാത്തതിനാൽ പമ്പിംഗ് നടക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം . 

വെളളം നല്‍കുന്നതില്‍ കൃത്യതയില്ലെങ്കിലും വെളളക്കരം സമായാസമയങ്ങളില്‍ പിരിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അലംഭാവംകൊണ്ടാണ് സാങ്കേതിക തകാരാറുകള്‍ യഥാസമയത്ത് പരിഹരിക്കാനാവാത്തത്.