ശാരീരിക അസ്വസ്ഥകൾ; ചികിത്സ തേടി വിദ്യാർത്ഥികൾ

വയനാട് പൊഴുതന  അച്ചൂർ ഗവൺമെന്റ് ഹൈസ്കൂളിലെ  കൂടുതൽ വിദ്യാർത്ഥികൾ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടി. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ 11 കുട്ടികളിൽ 3 പേരെ  വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. സ്കൂളിന് സമീപത്തെ എച് എംഎൽ  തേയിലത്തോട്ടത്തിലെ അശാസ്ത്രീയ കീടനാശിനി പ്രയോഗമാണ് കാരണമെന്നാണ് ആരോപണം. 

ബുധനാഴ്ച വൈകീട്ടാണ് അച്ചൂർ ഗവ. ഹയർ സെക്കൻ ഡറി സ്‌കൂളിലെ 6 കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവർ

നിരീക്ഷണത്തിൽ തുടരുമ്പോൽ 5  കുട്ടികൾക്ക് കൂടി ദേഹാസ്വാസ്ഥ്യം നേരിട്ടു. ഭേദമായ നാലുപേരെ വീട്ടിലേക്കു തിരിച്ചയച്ചു.  രക്ഷിതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചു മൂന്ന് കുട്ടികളെ കോഴിക്കോട്  മെഡിക്കൽ കോളജിലേക്ക് മാറ്റി. ആയിരത്തോളം  വിദ്യാർത്ഥികളുള്ള സ്‌കൂൾ ഹാരിസൻ മലയാളം ലിമിറ്റഡിന്റെ തേയില തോട്ടത്തിന് സമീപമാണ്. കീടനാശിനി തളിച്ചതാണ് കുട്ടികളുടെ ആരോഗ്യ പ്രശ്നത്തിന് കാരണമെന്ന് ആരോപണമുണ്ട്. ആരോഗ്യ വകുപ്പ് അധികൃതർ സ്കൂളിലും പരിസരത്തും പരിശോധന നടത്തി. 

നേരത്തെയും സമാനമായ പ്രശ്നം മേഖലയിൽ ഉണ്ടായിരുന്നു. വിദഗ്ധ പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.