കരമടയ്ക്കുന്ന ഭൂമിയിലെ സർവേ നടപടി തടഞ്ഞു; ഭീഷണിയുമായി വനപാലകർ

koovappoyilfarmer
SHARE

കോഴിക്കോട് പെരുവണ്ണാമൂഴി കൂവപ്പൊയില്‍ മേഖലയില്‍ റവന്യൂഭൂമി കല്ലിട്ട് വേര്‍തിരിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം കലക്ടര്‍ തടഞ്ഞതോടെ ഉടമസ്ഥരെ വനപാലകര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. സര്‍വേ നടപടികളില്‍ പരാതിയില്ലെന്ന് ഒപ്പിട്ട് നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ആക്ഷേപം. പ്രതികരിച്ച ജനപ്രതിനിധികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ തുടര്‍ച്ചയെന്ന് കര്‍ഷക കൂട്ടായ്മ പറയുന്നു. 

പത്ത് കര്‍ഷകരുടെ മണ്ണാണ് നിലവില്‍ കല്ലിട്ട് അതിര്‍ത്തി മാറ്റി നിര്‍ണയിച്ചിരിക്കുന്നത്. കൃത്യമായി കരമൊടുക്കുന്ന സകല രേഖകളും സ്വന്തമായുള്ള ഭൂമിയിലാണ് വനംവകുപ്പിന്റെ കൈയ്യേറ്റം. കര്‍ഷക പ്രതിഷേധത്തിനൊടുവില്‍ കലക്ടര്‍ ഇടപെട്ട് സര്‍വേ നടപടികള്‍ നിര്‍ത്തി. പിന്നാലെയാണ് വീടുകളില്‍ നേരിട്ടെത്തി ഭൂവുടമകളോട് വനപാലകര്‍ നിലപാടറിയിച്ചത്. സര്‍വേ തടസപ്പെടുത്തിയാല്‍ കേസില്‍പ്പെടുത്തും. പൂര്‍ണസമ്മതത്തോടെ സര്‍വേ നടപടികള്‍ക്കായി ഒപ്പിട്ട് നല്‍കണം. തുടങ്ങിയ ആവശ്യങ്ങളാണ് വനപാലകര്‍ അറിയിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഭീഷണിപ്പെടുത്തി പ്രതിഷേധം ഒഴിവാക്കാനുള്ള തന്ത്രമെന്നാണ് കര്‍ഷക കൂട്ടായ്മ പറയുന്നത്.  

സര്‍വേയുടെ തുടക്കത്തില്‍ പരാതി നല്‍കാനെത്തിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തില്‍ ഇടപെട്ട ജനപ്രതിനിധികളും കേസില്‍ പ്രതിയായി. കുറ്റ്യാടിപ്പുഴ അതിര്‍ത്തിയായിരുന്ന പലരുടെയും മണ്ണ് നിലവില്‍ മീറ്ററുകള്‍ മാറിയാണ് കല്ലിട്ടിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും വനപാലകര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് ആക്ഷേപം

MORE IN NORTH
SHOW MORE
Loading...
Loading...