പാലക്കാട് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായി; ജലക്ഷാമത്തിന് പരിഹാരം

ജലക്ഷാമം നേരിടുന്ന പ്ലാച്ചിമട ഉള്‍പ്പെടെയുളള പാലക്കാടിന്റെ കിഴക്കന്‍മേഖലയ്ക്ക് ആശ്വാസമായി ജലഅതോറിറ്റിയുടെ കുടിവെളള പദ്ധതി യാഥാര്‍ഥ്യമായി. നാലു ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി 28 ന് നാടിന് സമര്‍പ്പിക്കും.

പെരുമാട്ടി, പട്ടഞ്ചേരി, എലപ്പുള്ളി, നല്ലേപ്പുള്ളി ഗ്രാമപഞ്ചായത്തുകളിൽ സമഗ്ര ശുദ്ധജല വിതരണം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ആദ്യ ഘട്ടമാണ് യാഥാര്‍ഥ്യമായത്. ചിറ്റൂർപ്പുഴയിെല കുന്നങ്കാട്ടുപതി റഗുലേറ്റർ സ്രോതസാക്കി പതിനെട്ടു ദശലക്ഷം ലീറ്ററിന്റെ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു. മുപ്പതുവര്‍ഷം കൂടി മുന്നില്‍കണ്ട് ഒരുലക്ഷത്തി എണ്‍പതിനായിരം പേര്‍ക്ക് ദിവസേന 100 ലീറ്റർ വീതം ശുദ്ധജലം ഉറപ്പാക്കുന്ന പദ്ധതിയാണ്. ആദ്യ ഘട്ടത്തിൽ മാത്രം 28 ആദിവാസി കോളനികൾക്കും 18 പട്ടികജാതി കോളനികൾക്കും ജലം ലഭിക്കും. പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിൽ മാത്രമായി മൂവായിരത്തിലധികം ശുദ്ധജല കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്.

തമിഴ്നാട്ടിലെ ആളിയാര്‍ അണക്കെട്ടില്‍ ചിറ്റൂര്‍ പുഴയിലേക്ക് ഒഴുകിയെത്തുന്ന വെളളമാണ് ഇവിടെ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്.പാലക്കാടിന് കിഴക്കന്‍മേഖലയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. ടാങ്കര്‍ലോറികളില്‍ വെള്ളം നല്‍കിയിരുന്ന പ്ലാച്ചിമട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പൈപ്പുകള്‍ വഴി വെളളം ലഭിക്കുന്നതിലൂടെ പഞ്ചായത്തുകള്‍ക്ക് നേട്ടമാണ്. 16,000 പേ‍ർക്ക് ശുദ്ധജലം ലഭിക്കുമെന്നാണ് കണക്ക്. മാത്രമല്ല കുഴല്‍കിണറുകള്‍ ഒഴിവാക്കാനാകും. രണ്ടാം ഘട്ടത്തിൽ കിഫ്ബി മുഖേന 25 കോടി 99 ലക്ഷം രൂപയുടെ പദ്ധതിയും മൂന്നാം ഘട്ടത്തിൽ 98 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളും ഉണ്ടാകും.