സ്വകാര്യഭൂമി വനഭൂമിയാക്കുന്നതായി പരാതി; നാട്ടുകാരും വനപാലകരും തമ്മില്‍ തര്‍ക്കം

കോഴിക്കോട് പെരുവണ്ണാമുഴിയില്‍ സ്വകാര്യഭൂമി ജണ്ടയിട്ട് തിരിച്ച് സര്‍ക്കാര്‍ ഭൂമിയാക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നതായി പരാതി. ഭൂമി അളക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരും വനപാലകരും തമ്മില്‍ തര്‍ക്കമുണ്ടായി. സമാനമായ പരാതിയുമായി കെ.എസ്.ഇ.ബിയും നേരത്തെ രംഗത്തെത്തിയിരുന്നു. 

സകലരേഖയും സ്വന്തമായുള്ള ഭൂമിയില്‍ വനംവകുപ്പിന് ഏത് തരത്തില്‍ ഉടമസ്ഥാവകാശം കിട്ടിയെന്നാണ് നാട്ടുകാരുെട സംശയം. തെളിവായി നല്‍കിയതൊന്നും വനംവകുപ്പ് അംഗീകരിച്ചില്ല. പിന്നാലെയാണ് ചക്കിട്ടപ്പാറ പഞ്ചായത്തിലെ കൂവപ്പൊയില്‍ മേഖലയില്‍ ഉദ്യോഗസ്ഥരെത്തി അതിര്‍ത്തി നിര്‍ണയിച്ചത്. ജനപ്രതിനിധികള്‍ പ്രതിഷേധിച്ചെങ്കിലും പുനപരിശോധനയില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനിടെ കുഴഞ്ഞുവീണയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വൈരാഗ്യബുദ്ധിയോടെയാണ് വനംവകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. പ്രതിഷേധിക്കുന്നവരെ കള്ളക്കേസില്‍ക്കുടുക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടെന്നും പറയുന്നു. 

തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കക്കയം ടൂറിസം കേന്ദ്രത്തോട് ചേര്‍ന്നുള്ള ഭൂമിയിലും വനംവകുപ്പ് ജണ്ട സ്ഥാപിക്കാന്‍ തുടങ്ങിയത്. കെ.എസ്.ഇ.ബി, റവന്യൂ, വനം വകുപ്പുകള്‍ക്കാണ് ഈ മേഖലയില്‍ ഭൂമിയുള്ളത്. ഇത് കൃത്യമായി അളന്ന് തിരിക്കാതെയുള്ള നടപടി പൂര്‍ണമായും ഏകപക്ഷീയമെന്നാണ് വിമര്‍ശനം. ഇത് പുനപരിശോധിക്കണമെന്ന ആവശ്യം കെ.എസ്.ഇ.ബി ഉന്നയിച്ചതിന് പിന്നാലെയാണ് ജനവാസമേഖലയിലും വനംവകുപ്പ് ജണ്ടയിടാന്‍ തുടങ്ങിയത്.