ഇവിടെ വിദേശിയും വിളയും; വയനാടൻ മണ്ണിൽ യുവകർഷകന്റെ വിജയഗാഥ

വിദേശയിനം പഴവര്‍ഗങ്ങള്‍ക്കും വളക്കൂറുള്ള മണ്ണാണ് വയനാടെന്ന് തെളിയിക്കുകയാണ് ഒരു യുവകര്‍ഷകന്‍. അഞ്ഞൂറോളം വിദേശി പഴവര്‍ഗങ്ങളാണ് കൊളവയലിലെ കിരണിന്റെ തോട്ടത്തില്‍ വളരുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഒരു ഒരു രസത്തിന് തുടങ്ങിയതാണ് ഈ പരിപാടി.നെല്‍ക്കൃഷിയും മറ്റുമായിരുന്നു കിരണിന്റെ ആദ്യ കാല കൃഷികള്‍. കൗതുകത്തിനാണ് ഒരു വിദേശയിനം ഫലവൃക്ഷം പരീക്ഷിച്ചത്. അത് വളര്‍ന്നതോടെ ഈ മേഖലയില്‍ ചുവടുറപ്പിക്കാമെന്ന് തീരുമാനിച്ചു. കട്ടസപ്പോര്‍ട്ടുമായി അധ്യാപികയായ ഭാര്യയും കൂടെ നിന്നു.

അഞ്ഞൂറോളം ഇനങ്ങളുണ്ട് ഈ ഒന്നരയേക്കര്‍ തോട്ടത്തില്‍. ബ്രസീലില്‍ നിന്നുള്ള ജബോട്ടിക്കാവ,കംബോഡിയായുടെ റംഡല്‍, ആമസോണ്‍ കാടുകളിലെ ഉദാര, കറുത്ത സപ്പോര്‍ട്ട, ഇസ്രയേല്‍ ഒാറഞ്ച്. ഇങ്ങനെ കടിച്ചാല്‍ പൊട്ടാത്ത പേരുകളാണ് പലതിനും. പക്ഷെ എല്ലാം ഏറെ രുചികരം. മിറാക്കിള്‍ ഫ്രൂട്ടെന്ന ഒരു പഴം തിന്നാല്‍ ഒരു മണിക്കൂര്‍ നേരം എന്തുകഴിച്ചാലും മധുരമായിരിക്കുമെന്ന് ഈ കര്‍ഷകന്‍ പറയുന്നു. 

ഹവായ് ദ്വീപുകളിലും അമേരിക്കയിലെ ഫ്ലോറിഡയിലും വളരുന്ന ഒരു വഴയില്‍ രണ്ട് കുലകളുണ്ടാകുന്ന ഡബിള്‍ മഹോയിയും ഇവിടെ വേരാഴ്ത്തി. സംസ്ഥാനത്ത് ആദ്യമായി മരമുന്തിരി കായ്ച്ചതും കിരണിന്റെ ഈ തോട്ടത്തിലാണ്. വിദേശ ഫലങ്ങളുട എണ്ണത്തില്‍ കേരളത്തിലെ ഏറ്റവും വലിയ തോട്ടമാവുകയാണ് ഇത്.