ശ്മശാനത്തില്‍ തെരുവുനായ്ക്കളെ കുഴിച്ചിട്ടു; പരാതി, പ്രതിഷേധം

നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നീളുന്ന മലപ്പുറം വണ്ടൂരിലെ പൊതുശ്മശാനത്തില്‍ തെരുവുനായ്ക്കളെ കുഴിച്ചിട്ടതായി പരാതി. 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ശ്മശാനം ഒഴിഞ്ഞ  മൈതാനമായി കിടക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷം പിന്നിടുകയാണ്.

വര്‍ഷം അഞ്ചു കഴിഞ്ഞിട്ടും വണ്ടൂരില്‍ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച വാതക സ്മശാനം പൊതുജനത്തിന് തുറന്നുകൊടുത്തിട്ടില്ല. 50 ലക്ഷം രൂപ ചിലവില്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയെങ്കിലും അധികൃതരുടെ അനാസ്ഥ കാരണമാണ് പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കാത്തതെന്നാണ് ആരാപണം. പഞ്ചായത്തിന്റെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് വാതകസ്മശാനം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ സ്മശാനത്തിന്റെ രേഖകള്‍ ഗ്രാമ പഞ്ചായത്തിന് കൈമാറിയിട്ടും പ്രവര്‍ത്തനം തുടങ്ങയിട്ടില്ല. ഇനിനിടയിലാണ് തെരുവുനായക്കളെ സ്മശാനത്തില്‍ കുഴിച്ചുമൂടിയെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയത്. പാർട്ടി പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത് സംഘർഷത്തിൽ കലാശിച്ചു.

പഞ്ചായത്തിന്റെ അനുമതിയോടെയല്ല സ്മശാനത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നതെന്നും , നിയമവശങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം, വണ്ടൂരില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരാഴ്ചയായി 11 പേരാണ് വണ്ടൂരില്‍ മാത്രം തെരുവുനായയുടെ ആക്രമണത്തിന് ഇരകളായത്.