ഗാന്ധി ചരിത്രം പേപ്പർ കപ്പുകളിലാക്കി സിഗ്നി; പ്രദർശനം മലപ്പുറം ഒഴുകൂരിൽ

പേപ്പര്‍ കപ്പുകളില്‍ പെന്‍സില്‍ ഉപയോഗിച്ച് മഹാത്മാ ഗാന്ധിയുടെ ജീവചരിത്രം വരച്ചിരിക്കുകയാണ് സിഗ്‌നി ദേവരാജ് എന്ന ചിത്രകാരന്‍. 150 കപ്പുകളിലായാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച സമന്വയം ക്യാംപിനോടുബന്ധിച്ചായിരുന്നു പ്രദര്‍ശനം. 

ഗാന്ധിജിയുടെ ജീവിതം, സ്വാതന്ത്ര സമര കാലം എന്നിവയാണ് കപ്പുകളില്‍ ചിത്രങ്ങളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നൂറ്റിയന്‍പതാം കപ്പില്‍ വെടിയേറ്റുകിടക്കുന്ന ഗാന്ധിജിയെ കാണാം. ചരിത്രപുസ്തകം വായിക്കുന്ന രീതിയിലാണ് ചിത്രങ്ങളൊരുക്കിയിരിക്കുന്നത്. പതിനൊന്ന് വര്‍ഷത്തിന്റെ പ്രയത്‍നമാണ് ചിത്രങ്ങള്‍ക്കുപിന്നില്‍.

രാജ്യംമുഴുവന്‍ സഞ്ചരിച്ചാണ് സിഗ്‍നി ദേവരാജ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഗാന്ധിജിക്ക് പുറമെ നിരവധി സാഹിത്യ സാംസ്കാരിക നായകന്‍മാരെയും ഇദ്ദേഹം പേപ്പര്‍ കപ്പില്‍ വരച്ചിട്ടുണ്ട്.