കനത്തമഴ; വഴിക്കടവ് നിവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

നീലഗിരി വനമേഖലയിലെ നാടുകാണി, ഗൂഡല്ലൂർ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വഴിക്കടവിലെ തീരദേശത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം. തമിഴ്നാട് ദേവാലയിലെ റവന്യു അധികൃതരാണ് നിലമ്പൂർ തഹസിൽദാർക്ക് നിർദേശം നൽകിയത്. പൊലീസും, റവന്യു അധികൃതരും, ട്രോമാകെയർ പ്രവർത്തകരും വഴിക്കടവ് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

മലപ്പുറം വഴിക്കടവ് കാരക്കോടൻ പുഴയിൽ വെള്ളം ഉയർന്നതോടെ തീരദേശങ്ങളിൽ താമസിക്കുന്ന അൻപതോളം വീടുകളിൽ വെള്ളം കയറി. വെള്ളക്കട്ട, പുന്നക്കൽ, കാരക്കോട്, പുത്തരിപ്പാടം തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.  നാടുകാണി ചുരം വനമേഖലയിലുണ്ടായ ഉരുൾപൊട്ടലാണ് പുഴയുടെ ജലനിരപ്പ് കൂടാൻ കാരണമെന്നാണ് നിഗമനം.  

ഇന്നലെ രാത്രി 9 മണിയോടെയാണ് പുഴയിലേക്ക് വെള്ളം ആർത്തലച്ചെത്തിയത്. വെള്ളക്കട്ട -പുന്നക്കൽ റോഡിലും മരുതക്കടവ്- മാമാങ്കര റോഡിലും വെള്ളം കയറി. ഏക്കർ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിലാണ്.  ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരദേശങ്ങളിലുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി. പലരും രാത്രി തന്നെ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു.