സ്കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് പിക് അപ് വാന്‍ മറിഞ്ഞ് ഏഴുപേര്‍ക്ക് പരുക്ക്

കോഴിക്കോട് പയിമ്പ്രയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് തടികയറ്റി വന്ന പിക് അപ് വാന്‍ മറിഞ്ഞ് ഏഴുപേര്‍ക്ക് പരുക്ക്. പയിമ്പ്ര ഹൈസ്കൂളിലെ ആറ് വിദ്യാര്‍ഥിനികള്‍ക്കും കാല്‍നട യാത്രികനായ പറമ്പില്‍ബസാര്‍ സ്വദേശി മൊയ്തീന്‍കോയക്കുമാണ് പരുക്കേറ്റത്. തലനാരിഴയ്ക്കാണ് വന്‍ അത്യാഹിതം ഒഴിവായത്. ഇരുചക്രവാഹനങ്ങള്‍ക്ക് പോലും നിയന്ത്രണമുള്ള സമയത്ത് പിക് അപ് വാനോടിക്കാന്‍ അനുമതി നല്‍കിയതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 

ഹയര്‍ സെക്കന്‍ഡറിക്കും ഹൈസ്കൂളിനുമിടയിലുള്ള റോഡിലാണ് രാവിലെ ഒന്‍പതേ കാലോടെ അപകടമുണ്ടായത്. ഈ സമയം ബസിറങ്ങി നിരവധി കുട്ടികളാണ് സ്കൂളിലേക്ക് കാല്‍നടയായെത്തുന്നത്. ഒന്‍പത് മണികഴിഞ്ഞാല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പോലും നിയന്ത്രണമുള്ള പാതയില്‍ ഇരട്ടിയിലധികം ലോഡുമായി പിക് അപ് വാന്‍ എത്തിയതാണ് ദുരൂഹം. നാട്ടുകാര്‍ വിലക്കിയിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്തിയില്ലെന്നും ആക്ഷേപമുണ്ട്. സമഗ്രമായ അന്വേഷണം വേണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.  

വാഹനത്തിന് നിയന്ത്രണം തെറ്റിയെന്ന് മനസിലാക്കിയ മുതിര്‍ന്ന കുട്ടികളാണ് ബഹളം വച്ചത്. പിന്നാലെ കുട്ടികള്‍ ഓടിമാറുകയായിരുന്നു. ഇതിനിടയിലാണ് രണ്ട് കുട്ടികള്‍ വാഹനത്തിനടിയില്‍പ്പെട്ടത്. ഗതാഗതം നിയന്ത്രിക്കാന്‍ പതിവായി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കഡറ്റുകളെ ചുമതലപ്പെടുത്തിയിരുന്നു. അപകടമുണ്ടായ സമയം കുട്ടികളുടെ അസാന്നിധ്യമുണ്ടായിരുന്നുവെന്ന കാര്യവും പൊലീസ് പരിശോധിക്കും.