വയനാട്ടിൽ ശുചീകരണ യജ്ഞം; ഒരു ലക്ഷം പേർ പങ്കെടുക്കും

wayanadu-18
SHARE

മഴക്കെടുതികളില്‍ തകര്‍ന്ന വയനാടിനെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ശുചീകരണയജ്ഞം ഇന്ന്. വെള്ളവും ചളിയും കയറിയ വീടുകളുടെ ശുചീകരണത്തിനാണ് മുന്‍ഗണന. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ പരിപാടി ഒമ്പത് മണിക്ക് ആരംഭിക്കും.

ഒരോ ഗ്രാമപഞ്ചായത്തിലും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ശുചീകരണം നടത്തുക. ഒരു വാര്‍ഡില്‍ ഇരുപത്തഞ്ച് പേരെ ഉറപ്പുവരുത്തും. വീടുകളുടെ ശുചീകരണത്തിനാണ് മുന്‍ഗണന.. ക്യാംപുകളില്‍ കഴിയുന്നവര്‍ തിരികെയെത്തുമ്പോഴേക്കും വീട് വാസയോഗ്യമാക്കുകയാണ് ലക്ഷ്യം.

ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച സ്‌കൂളുകളുടെ ശുചീകരണവും ഇതോടൊപ്പം നടക്കും. മണ്ണ് നീക്കം ചെയ്യല്‍, കിണര്‍ ശുചീകരണം, പരിസര ശുചീകരണം എന്നിവയും ഏറ്റെടുക്കും. ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശാനുസരണം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അമ്പതിനായിരം രൂപ വരെ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ അനുമതിയുണ്ട്. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ മേഖലയിലുള്ളവരുടെയും സഹായത്തോടെയാകും പരിപാടി.

ശുചീകരണ യജ്ഞത്തിനാവശ്യമായ സാമഗ്രികള്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇ-വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികള്‍, മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ എന്നിവ വെവ്വേറെ ശേഖരിക്കും. 

MORE IN NORTH
SHOW MORE
Loading...
Loading...