പ്രളയത്തിൽ ഒായിൽ മിശ്രിതം ജലസ്രോതസുകളിൽ; മലിനമായി കുടിവെള്ളം

പ്രളയത്തിൽ പാലക്കാട് തൃത്താലയിലെ സ്വകാര്യ ടാർ മിക്സിങ് പ്ലാന്റിൽ നിന്ന് ഓയിൽ മിശ്രിതം ജലസ്രോതസുകളിലേക്ക് ഒഴുകിയെത്തി. കിണറുകളും കായലും മലിനമായതിനാല്‍ വെളളം ഉപയോഗിക്കരുതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ അറിയിപ്പ്. ഏറെക്കാലമായി സ്ഥാപനത്തിനെതിരെ വ്യാപകപരാതികള്‍ ഉണ്ടായിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് വിടി ബല്‍റാം എംഎല്‍എ പറഞ്ഞു.

കരിഓയിലിന് സമാനമായ മിശ്രിതം കിണറുകളിലും, തോടുകളിലും, പുളിയപ്പറ്റ കായലിലുമെല്ലാം പാടകെട്ടി ഒഴുകിനടക്കുന്നു. രൂക്ഷ ഗന്ധവും പ്രദേശത്താകെയുണ്ട്. ചെടികളൊക്കെ കരിഞ്ഞുണങ്ങിയ നിലയില്‍. ഓയിൽ മിശ്രിതം നിറച്ച കാനുകൾ പ്രളയത്തില്‍ ഒഴുകിയെത്തിയതായി ചിലയിടങ്ങളില്‍ കാണാം. തൃത്താല, പട്ടിത്തറ, നാഗലശേരി പഞ്ചായത്തുകളിലുളളവരാണ് ബുദ്ധിമുട്ടിലായത്. 

മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ വെളളം പരിശോധിച്ചു. കോടനാട്ടെ ടാര്‍ മിക്സിങ് പ്ളാന്റില്‍ നിന്നുളള ഒായിലാണെന്ന് പ്രാഥമീക അന്വേഷണത്തില്‍ തെളിഞ്ഞു. വെളളം ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ അറിയിപ്പ്. അതേസമയം സ്ഥാപനത്തിനെതിരെ പരാതികള്‍ ഉണ്ടായിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് വിടി ബല്‍റാം എംഎല്‍എ പറഞ്ഞു.