ചെതലയം മിച്ചഭൂമിയിൽ കൈ കടത്തി വനം വകുപ്പ്; വാസസ്ഥലമില്ലാതെ ആദിവാസി കുടുംബങ്ങൾ

വയനാട് ബത്തേരി ചെതലയത്ത് ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് പതിച്ചുനല്‍കാന്‍ കണ്ടെത്തിയ ഭൂമി തങ്ങളുടേതാണെന്ന അവകാശവാദം കടുപ്പിച്ച് വനം വകുപ്പ്. ചെതലയത്തെ മിച്ചഭൂമി പത്തൊമ്പത് കുടുംബങ്ങള്‍ക്ക് നല്‍കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രസ്തുത സ്ഥലം ആനത്താരയാണന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് വനം വകുപ്പിന്റെ വിവരാവകാശ മറുപടി.

ചെതലയം ടൗണിനോട് ചേര്‍ന്ന് റവന്യൂ വകുപ്പിന്റെ കീഴില്‍ പത്ത് ഹെക്ടറോളം ഭൂമിയാണുള്ളത്.

ഇതില്‍ കുറച്ച് സ്ഥലം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ട്രൈബല്‍ സ്റ്റഡി സെന്റര്‍ നിര്‍മ്മിക്കാനും ആരോഗ്യകേന്ദ്രത്തിനുമായി വിട്ടു നല്‍കിയിരുന്നു. ബാക്കിയുള്ള സ്ഥലം ഇരുളം മിച്ചഭൂമിയില്‍ സമരം നടത്തുന്ന 19 ആദിവാസി കുടുംബങ്ങള്‍ക്ക് പതിച്ച് നല്‍കാനും ഭൂരഹിതര്‍ക്ക് ഫ്ലാറ്റ് നിര്‍മ്മിക്കാനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. വനം വകുപ്പ് ഇതിന് എതിരായിരുന്നു. എന്നാല്‍ വനം വകുപ്പിന് ആധികാരികമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ ഭൂമി വിതരണത്തിനുള്ള സര്‍വേ നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നു പ്രസ്തുത ഭൂമി വനം വകുപ്പിന്റെ അധീനതയിലുള്ളതാണെന്നാണ് വിവരാവകാശ ചോദ്യത്തിനുള്ള വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മറുപടി. ആനത്താരയില്‍ വനം വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളുമുണ്ടാകുമെന്നും വനം വകുപ്പ് അറിയിക്കുന്നു. ജനപ്രതിനിധികളും ഇതിന് കൂട്ടുനില്‍ക്കുന്നെന്നാണ് ആക്ഷേപം.

വെറുതേ കിടക്കുന്ന ഭൂമി പൊതു സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വനം വകുപ്പ് നിയന്ത്രണങ്ങള്‍ മറ്റ് ഭാഗത്തേക്കും വ്യാപിപ്പിക്കുമോ എന്ന ആശങ്കയുമുണ്ട്.