കണ്ണമംഗലം പഞ്ചായത്ത് ഓഫീസ് നിർമാണത്തിന് സർക്കാർ സഹായമില്ല; തിരിച്ചടി

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി. കഴിഞ്ഞ ബജറ്റില്‍ ഒരു കോടി രൂപ കെട്ടിടനിര്‍മാണത്തിനായി അനുവദിച്ചിരുന്നെങ്കിലും പഞ്ചായത്തിന്റെ പദ്ധതി ഫണ്ടില്‍ നിന്നും തുക കണ്ടെത്തണമെന്ന അറിയിപ്പാണ് തദ്ദേശ വകുപ്പില്‍ നിന്നും ഒടുവില്‍ ലഭിച്ചത്.

രണ്ടായിരത്തില്‍ വേങ്ങര വിഭജിച്ച് രൂപം നല്‍കിയ കണ്ണമംഗലം പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിക്കുന്നത് അച്ചനമ്പലത്തെ സ്വകാര്യ വ്യക്തിയുടെ വീടും സ്ഥലവും ഏറ്റടുത്താണ്.വീടിനോട് ചേര്‍ന്ന് പിന്നീട് പരിമിതമായ സൗകര്യങ്ങളൊരുക്കിയെങ്കിലും വര്‍ഷങ്ങളായി ശോചനീയാവസ്ഥയിലാണ് കെട്ടിടം. വീട്ടിലുണ്ടായിരുന്ന മുറികളിലാണ് ഇപ്പോഴും പഞ്ചായത്തിന്റെ പ്രധാന ഓഫീസും അനുബന്ധ സൗകര്യങ്ങളും നിലനില്‍ക്കുന്നത്. ഫയലുകളുടെ സൂക്ഷിപ്പ് പോലും പ്രതിസന്ധിയിലാണ്. പഞ്ചായത്തില്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തികയാതെ വരുന്ന ഫണ്ടില്‍ നിന്നും കെട്ടിടത്തിനായി തുകമാറ്റിവെക്കുന്നത് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഭരണ സമിതിയംഗങ്ങള്‍ പറയുന്നു.

മുകളില്‍ രണ്ടു ഹാളുകളിലായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിന് താഴെ പരിമിതമായ സ്ഥലത്ത് കൃഷിഭവനും മൃഗാശുപത്രിയും കുടുംബശ്രീ ഓഫിസുമുണ്ട്. പുതിയ കെട്ടിടമൊരുക്കാന്‍ സര്‍ക്കാര്‍ സഹായത്തിനായി എം.എല്‍.എ അടക്കമുള്ളവര്‍ ഇടപെടണമെന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ ആവശ്യം.