ഭാരതപ്പുഴയിലെ നിറംമാറ്റം; പരിശോധന നടത്തി

പാലക്കാട് ഒറ്റപ്പാലത്ത് ഭാരതപ്പുഴയുടെ മണൽപ്പരപ്പിലും ചെടികളിലും കാണപ്പെട്ട അസ്വഭാവിക നിറത്തെക്കുറിച്ച് വിദഗ്ധസംഘം പരിശോധന നടത്തി. ഒഴുക്കു നിലച്ച ഭാഗത്താണ് വെള്ള നിറത്തിലുള്ള പൊടി കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാലക്കാട്ടെയും തൃശൂരിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഭാരതപ്പുഴ ഒഴുകുന്ന ഒറ്റപ്പാലം മായന്നൂർ പാലം പരിസരം, മീറ്റ്ന തടയണ പ്രദേശം, തൃശൂർ ജില്ലയിലെ തിരുവില്വാമല പാമ്പാടി എന്നിവിടങ്ങളിലായിരുന്നു പുഴയിൽ ഉദ്യോഗസ്ഥരുടെ പരിശോധന. മൂന്നു സ്ഥലങ്ങളില്‍ നിന്ന് സംഘം മണലും വെള്ളവും ശേഖരിച്ചു. ഇവ കൊച്ചിയിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ േകന്ദ്ര ലാബിൽ പരിശോധനയ്ക്കു നല്‍കും. ഏതെങ്കിലും രാസവസ്തു വെള്ളത്തിൽ കലർന്ന് ഒഴുകിയതാണോയെന്ന് സംശയവുമുണ്ട്. വെള്ള നിറത്തിലുള്ള പൊടിയാണ് കാണുന്നത്. ചില ഭാഗങ്ങളിൽ ദുർഗന്ധവും അനുഭവപ്പെടുന്നു. സെപ്റ്റിക് ടാങ്ക് മാലിന്യം ഉള്‍പ്പെടെ ഒഴുക്കിവിട്ടോയെന്നതും സംശയിക്കപ്പെടുന്നു.

ഒരാഴ്ചയ്ക്കുളളില്‍ പരിശോധനാ ഫലം ലഭ്യമാകും. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ നിരവധി ശുദ്ധജല പദ്ധതികളുടെ സ്രോതസാണു ഭാരതപ്പുഴ.