തൃത്താല മേഖലയില്‍ നെൽവയലുകൾ വ്യാപകമായി നികത്തപ്പെടുന്നു

പാലക്കാട് തൃത്താല മേഖലയില്‍ നെൽവയലുകൾ വ്യാപകമായി നികത്തപ്പെടുന്നു. കൃഷി ചെയ്യാതെയിടുകയും മുറിച്ചു വില്‍പ്പന നടത്തുകയും ചെയ്യുന്നതാണ് രീതി. നെൽപ്പാടങ്ങൾ കമ്പി വേലിയിട്ട് വേർതിരിച്ചിട്ടും കൃഷി ഉദ്യോഗസ്ഥരൊന്നും നടപടിയെടുക്കുന്നില്ല.

പരുതൂർ, തൃത്താല പഞ്ചായത്ത് പ്രദേശങ്ങളിലെ നിരവധി പാടശേഖരങ്ങളിലാണ് കൃഷി ഇല്ലാതായത്. പാടങ്ങള്‍ കൃഷി ചെയ്യാതെ തശിരാക്കിയിടുന്നതാണ് തുടക്കം. പിന്നീട് അഞ്ചും പത്തും സെന്റ് വിസ്തൃതിയില്‍ മുറിച്ച് വില്‍പ്പന നടത്തുന്നു. ഭൂമി വാങ്ങുന്നവര്‍ കമ്പി വേലിയിട്ട് വേര്‍തിരിക്കുന്നു. വരമ്പുകളായിരുന്നു പാടങ്ങളുടെ അതിര്‍ത്തി നിര്‍ണയിച്ചതെങ്കില്‍ ഇപ്പോള്‍ ഇരുമ്പ് വേലികളാണ് മിക്കടിയിടത്തും. 

വേലികെട്ടി വേര്‍തിരിച്ച പാടങ്ങൾ ക്രമേണ നികത്തപ്പെടുകയോ തെങ്ങും മറ്റ് മരങ്ങളും വച്ച് കരഭൂമിയാണെന്ന് വരുത്തുകയോ ചെയ്യുന്നു. ഭൂമിയുടെ തരംമാറ്റത്തിന് റവന്യൂവിഭാഗവും അനുമതി നല്‍കുന്നു. നെല്‍പ്പാടങ്ങളിലെ തെറ്റായ പ്രവൃത്തികള്‍ക്കെതിരെ കൃഷി ഉദ്യോഗസ്ഥരാകട്ടെ യാതൊരു നടപടിയും എടുക്കുന്നില്ല. വില്ലേജ് ഉപദേശക സമിതിയിലൊക്കെ രേഖാമൂലം പരാതി ഉയർന്നിട്ടും പരിശോധിക്കാമെന്ന മറുപടി മാത്രമാണ് എന്നുമുളളത്.