എടക്കര പൊലീസ് സ്റ്റേഷൻ നിര്‍മാണം അനിശ്ചിതത്വത്തിൽ; ഭൂമി തിരിച്ചു നല്‍കണമെന്ന് ഉടമകള്‍

മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മലപ്പുറം എടക്കര പൊലീസ് സ്റ്റേഷന്റെ കെട്ടിടനിര്‍മാണം അനിശ്ചിതമായി നീണ്ടതോടെ സൗജന്യമായി വിട്ടുനല്‍കിയ ഭൂമി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ രംഗത്തെത്തി. തകര്‍ന്നു വീഴാറായ കെട്ടിടത്തിലാണ് നിലവില്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.

രണ്ടു മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച മൂത്തേടം പടുക്ക മേഖലയടക്കം എടക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. 53 വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച പൊലീസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കാന്‍ ഭൂമിയില്ലെന്ന പരിമിതി മറികടക്കാനാണ് ഏഴു സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് നഗരഹൃദയത്തില്‍ അര ഏക്കര്‍ ഭൂമി സൗജന്യമായി വിട്ടു നല്‍കിയത്. എന്നാല്‍ കെട്ടിടനിര്‍മാണം അനിശ്ചിതമായി നീണ്ടതോടെ ഭൂമി തിരികെ ആവശ്യപ്പെട്ട് ഉമടകള്‍ കത്തു നല്‍കിക്കഴിഞ്ഞു.

നിലവില്‍ സഹകരണബാങ്ക് ഉടമസ്തതയിലുളള കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്റ്റേഷന്‍ ഒഴിഞ്ഞു കൊടുക്കാന്‍ ബാങ്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച്  ഈ കെട്ടിടത്തിന്റെ മതില്‍ ഉയരംകൂട്ടി വേലി നിര്‍മിക്കുന്നുണ്ട്. 

വിട്ടു നല്‍കിയ ഭൂമിക്ക് പകരം പൊലീസ് സ്റ്റേഷന് ഇത്രയും സ്ഥലം ടൗണില്‍ കിട്ടാന്‍ പ്രയാസമാണ്. പുതിയ പൊലീസ് സ്റ്റേഷന്‍ നിര്‍മാണം വൈകുന്നതിന്റെ കാരണവും വ്യക്തമല്ല.