വടകര മൂരാട് പാലത്തിന് പകരം പാലമില്ല; നടപടി വൈകുന്നു

അപകടത്തിലായ വടകര മൂരാട് പാലത്തിന് പകരം പാലം നിർമിക്കാനുളള നടപടിക്രമം വൈകിപ്പിച്ച് ദേശീയപാത അതോറിറ്റി. അഞ്ചുമാസത്തിനുള്ളിൽ നാലുതവണയാണ് ടെൻഡർ തുറക്കാനുള്ള തീയതി നീട്ടിയത്. ദേശീയപാത നാലുവരിയാക്കുന്നതുവരെ പാലം നിർമാണം നീട്ടികൊണ്ടു പോകാനാണ് ശ്രമമെന്നും ആക്ഷേപമുണ്ട്.

78 വർഷം പഴക്കമുള്ള പാലം പരമാവധി ഉപയോഗപ്പെടുത്താനാണ് ദേശീയപാത അതോറിറ്റിയുടെ ശ്രമെന്നാണ് പരാതി. ദേശീയപാത നാലുവരിയാക്കുന്നതിനൊപ്പം നാലുവരിപ്പാലവും മതിയെന്ന നിലപാട് ആദ്യം അതോറിറ്റി എടുത്തിരുന്നു. ഇതിന്റെ തുടർച്ചയാണ് നടപടി ക്രമങ്ങളിലെ വൈകലെന്നും ആരോപണമുണ്ട്. 

കാലപ്പഴക്കംമൂലം കോൺക്രീറ്റ് പാളികൾ അടർന്ന് പുഴയിലേക്ക് വീഴുകയാണ്. പുതിയ പാലം നിർമിക്കുമെന്ന പ്രഖ്യാപനം വന്നതോടെ നിലവിലെ പാലത്തിന്റെ അറ്റകുറ്റപണികളും നിറുത്തി.