യുവതലമുറയെ പ്രകൃതിയോട് അടുപ്പിക്കാൻ ഗ്രീൻ എർത്ത് കേരള

കാസര്‍കോട് ജില്ലയിലെ യുവതലമുറയെ പ്രകൃതിയോട് അടുപ്പിക്കാൻ ന്യൂജെൻ ട്രീ പരിപാടിയുമായി ഗ്രീൻ എർത്ത് കേരള എന്ന പരിസ്ഥിതി കൂട്ടായ്മ. വിദ്യാര്‍ഥികള്‍ക്ക് സമ്മാനമായി വൃക്ഷതൈകള്‍ നല്‍കുന്നതാണ് പദ്ധതി. പരിപാടിയിലൂടെ ജില്ലയില്‍ വനവല്‍ക്കരണം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നാണ് സംഘടനയുടെ പ്രതീക്ഷ.

കാസർകോട് ജില്ലയിലെ വനവൽക്കരണ-പരിപാലന പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്വതന്ത്ര പരിസ്ഥിതി കൂട്ടായ്മയാണ്ഗ്രീൻ എർത്ത് കേരള. കാഞ്ഞങ്ങാട് ആവിക്കര ബല്ലാകടപ്പുറം എ എൽ പി സ്കൂളിൽ വച്ചായിരുന്നു ന്യൂജെൻ ട്രീ എന്ന പുതിയ പദ്ധതിക്ക് സംഘടനപ തുടക്കം കുറിച്ചത്. വിവിധ പരിക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആഭിനന്ദിക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ക്കും ഒരോ ഫലവൃക്ഷത്തൈകള്‍ ഉപഹാരമായി നല്‍കി. സമാനമാതൃക വിവിധ അനുമോദനസദസുകളില്‍ നടപ്പാക്കാനാണ് ഗ്രീൻ എർത്ത് കേരളയുടെ ലക്ഷ്യം. 

ഉദ്ഘാടന ചടങ്ങിന് ശേഷം ഗ്രീൻ എർത്ത് കേരളയിലെ അംഗങ്ങൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു. ഇവയുടെ പരിപാലനവും സംഘടന ഉറപ്പാക്കും.

വളർന്ന് വരുന്ന തലമുറയെ കൂടുതൽ പരിസ്ഥിതി സൗഹൃദ മനസിനുടമകളാക്കുക എന്നതാണ് ന്യൂജെൻ ട്രീ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണ രംഗത്ത് നാലുവയസിലേയ്ക്ക് കടക്കുന്ന ഗ്രീൻ എർത്ത് കേരള ഇതുവരെ വിവിധ പദ്ധതികളുടെ ഭാഗമായി അയ്യായിരത്തോളം വൃക്ഷത്തൈകള്‍ ജില്ലയില്‍ നട്ടുപിടിപ്പിച്ചു. ഇവയുടെ കൃത്യമായ പരിപാലനവും സംഘടന ഉറപ്പു വരുത്തുന്നു.