ഒരുവർഷമായിട്ടും വയനാട്ടിൽ പ്രളയാവശിഷ്ടങ്ങൾ നീക്കിയില്ല

വയനാട്ടില്‍ കഴിഞ്ഞ പ്രളയകാലത്ത് തകര്‍ന്ന  ഇരുനിലകെട്ടിടത്തിന്റെ അവശിഷ്ങ്ങള്‍ ഒരു വര്‍ഷമായിട്ടും നീക്കിയില്ല. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറുന്നതിന് തടസങ്ങള്‍ നേരിടുന്നതിനൊപ്പം വൈത്തിരിയിലെ ഗതാഗതക്കുരുക്കിനും ഇത് കാരണമാകുന്നു. വൈത്തിരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സാണ് മണ്ണിനടിയിലേക്ക് താഴ്ന്ന് പോയത്.

പ്രളയതീവ്രതയുടെ നേര്‍ക്കാഴ്ചയായിരുന്നു കനത്ത മഴയത്ത് മണ്ണിലേക്ക് താഴ്ന്ന് പോകുന്ന വൈത്തിരി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഇരുനില കെട്ടിടം. ഭാഗ്യം കൊണ്ടാണ് ജനങ്ങള്‍ രക്ഷപ്പെട്ടത്. എടിഎം കൗണ്ടര്‍, കടകള്‍, ശുചിമുറി എന്നിവയടങ്ങിയ താഴത്തെ നിലയും മുകള്‍ നിലയില്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് തയാറായ കമ്മ്യൂണിറ്റി ഹാളും മണ്ണിനടിയിലായിപ്പോയി.

പരിസ്ഥിതിലോല പ്രദേശത്ത് നടന്ന അശാസ്ത്രീയ നിര്‍മ്മാണപ്രവര്‍ത്തനത്തെക്കുറിച്ച് അന്ന് തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.

ഒരുവര്‍ഷമാകാറായിട്ടും തകര്‍ന്ന കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കിയിട്ടില്ല. ബസുകള്‍ക്ക് സ്റ്റാന്‍ഡിനകത്തേക്ക് കയറുന്നതിനും പാര്‍ക്കുചെയ്യുന്നതിനും തടസം നേരിടുന്നു. വൈത്തിരി ടൗണിലെ ഗതാഗതക്കുരുക്കിനും ഇത് കാരണമാകുന്നു. അവശിഷ്ടങ്ങള്‍ ഉടന്‍ മാറ്റണമെന്നും ആശാസ്ത്രീയ നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.