മലപ്പുറത്ത് ജലവിതരണ പദ്ധതി നാശത്തിന്റെ വക്കില്‍

മോട്ടോര്‍ പമ്പുകള്‍ തുരുമ്പെടുത്തും, കെട്ടിടം തകര്‍ന്നും മലപ്പുറം ജില്ലയിലെ പ്രധാന ജലവിതരണ പദ്ധതി നാശത്തിന്റെ വക്കില്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിയിറക്കുന്ന മൂന്ന് പ്രധാനപ്പെട്ട പഞ്ചായത്തുകളിലേക്കും വെള്ളമെത്തിച്ചിരുന്ന ചെകുത്താന്‍കുണ്ട് പദ്ധതിയാണ് സംരക്ഷിക്കാന്‍ നടപടിയില്ലാതെ നശിക്കുന്നത്.

തൃപ്രങ്ങോട്, മംഗലം, പുറത്തൂര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ കൃഷിസ്ഥലങ്ങളിലേക്കും വെള്ളമെത്തിച്ചിരുന്ന ചമ്രവട്ടം പെരുന്തല്ലൂരിലെ ചെകുത്താന്‍കുണ്ട് ജലവിതരണ പദ്ധതിക്കാണ് ഈ ദുരവസ്ഥ. പ്രളയത്തില്‍ മേല്‍കൂര തകര്‍ന്ന് മഴവെള്ളം കയറി മോട്ടറുകള്‍ തുരുമ്പെടുത്ത് നശിച്ചു. മേല്‍ക്കൂര മാറ്റി സ്ഥാപിക്കാതെയാണ് വീണ്ടും വന്‍തുക ചെലവഴിച്ച് മോട്ടര്‍ പമ്പ് സ്ഥാപിച്ചിട്ടുള്ളത്. പമ്പ് സെറ്റുകള്‍ ഇടയ്ക്കിടെ കേടാവുകയും ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയും ചെയ്യുന്നതിനാല്‍ പലപ്പോഴും ജലവിതരണം സാധ്യമാവുന്നില്ല. ഭാരതപുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് വിതരണം നടത്തുന്ന കനാലുകളും നശിച്ചിട്ടുണ്ട്. ഇതുമൂലം വെള്ളം പാഴായി പോകുന്ന അവസ്ഥയാണ്.

പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു വേണ്ട നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം.