കുടിശിക കൂടി; കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് വിതരണം പ്രതിസന്ധിയിൽ

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തിവെക്കുമെന്ന മുന്നറിയിപ്പുമായി മരുന്നുവിതരണ സംഘടന. 30 കോടി രൂപ കുടിശിക ,മെഡിക്കല്‍ കോളജ് നല്‍കാനുള്ളതിനാലാണ് കടുത്ത തീരുമാനം എടുത്തതെന്നും വിതരണക്കാര്‍ പറയുന്നു. പ്രശ്നം ഉടന്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കലക്ടര്‍ സാംബശിവ റാവു പറഞ്ഞു.

മരുന്നു വിതരണം ചെയ്തതില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലുള്ള കുടിശികയാണ് മരുന്നു വിതരണക്കാര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന്  കിട്ടാനുള്ളത്. ഇത് 30 കോടിരൂപയോളം വരും.50 കമ്പനികളാണ് നിലവില്‍ മരുന്ന് വിതരണം ചെയ്യുന്നത്. കുടിശികയായതോടെ വിതരണക്കാര്‍ക്ക് ,മരുന്നു കമ്പനികള്‍ മരുന്നു നല്‍കാതായി.ഈ സാഹചര്യത്തിലാണ്  മെഡിക്കല്‍ കോളജിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന മുഴുവന്‍ വിതരണക്കാരും ഇത്  നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലെത്തിയത്.മരുന്ന് വിതരണം ചെയ്ത് 60 ദിവസത്തിനുള്ളില്‍ പണം ലഭിക്കുന്നതായിരുന്നു രീതി

കാരുണ്യ– ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വഴി കോഴിക്കോട് മെഡിക്കല്‍ കോളജിന് സര്‍ക്കാറില്‍ നിന്ന് കിട്ടാനുള്ളത് 50 കോടിയിലധികം രൂപയാണ് .ഇത് പെട്ടന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. കുടിശിക കിട്ടാത്തതിനെ തുടര്‍ന്ന് സ്റ്റന്‍ഡ് വിതരണക്കാരുടെ സംഘടന കഴിഞ്ഞ ദിവസം മുതല്‍ വിതരണം നിര്‍ത്തിയിരുന്നു.കുടിശികയുടെ കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമായില്ലെങ്കില്‍ രോഗികളായിരിക്കും ദുരിതത്തിലാവുക.