ഭവന നിർമ്മാണ പദ്ധതിക്ക് പുറത്ത് തോട്ടം തൊഴിലാളികൾ; പ്രഖ്യാപനം രേഖകളിൽ മാത്രം

സര്‍ക്കാര്‍ ഭവനനിര്‍മാണപദ്ധതിക്ക് പുറത്ത് വയനാട്ടിലെ തോട്ടം തൊഴിലാളികള്‍. തോട്ടം മേഖലയിലെ കുടുംബങ്ങളെ   ലൈഫ് മിഷനിലുള്‍പ്പെടുത്തി വീടുനിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴ് വാക്കായി. വയനാട് ജില്ലയില്‍ ഇതിന്റെ പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ല.  

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു തോട്ടം തൊഴിവാളികള്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനം. തോട്ടം ഉടമകള്‍ വിട്ടുകൊടുക്കുന്ന ഭൂമിയില്‍ തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കുമെന്നായിരുന്നു വാഗ്ദാനം. ചെലവിന്റെ പകുതി സര്‍ക്കാരും പകുതി മാനേജ്മെന്റുകളും വഹിക്കും. 

മാനേജ്മെന്റുകള്‍ക്ക് വിഹിതം പലിശയില്ലാതെ എഴ് വര്‍ഷത്തെ സാവകാശത്തില്‍ അടയ്ക്കാമെന്ന ഇളവുമുണ്ടായിരുന്നു. എന്നാല്‍ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള പ്രത്യേക ഗ്രാമസഭ പോലും ചേര്‍ന്നിട്ടില്ല. പരിതാപകരമാണ് പാടികളുടെ അവസ്ഥ. മഴക്കാലത്ത് ചോര്‍ന്നൊലിക്കും.

പദ്ധതി പ്രകാരം ഭൂമി വിട്ടുകൊടുക്കാല്‍ ഒരു കമ്പനി മാത്രമാണ് തയാറായത്. എന്നാല്‍ ഇത് പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയാണെന്ന ആരോപണവുമുണ്ട്. പ്രക്ഷോഭം തുടങ്ങുമെന്ന് ട്രേഡ് യൂണിയനുകള്‍ പറഞ്ഞു.