മഞ്ഞപ്പിത്ത ബാധയിൽ ബാലുശ്ശേരി; കുടിവെള്ളക്ഷാമത്തിനും പരിഹാരമില്ല

കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തബാധ കൂടുതലായി കണ്ടെത്തിയ ബാലുശേരിയിലും, ചങ്ങരോത്തും ശുദ്ധജലം ലഭ്യമാക്കാന്‍ നടപടിയില്ല. പലരും കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്.  രോഗ കാരണമറിയാന്‍ നാട്ടുകാര്‍ നേരിട്ട് വെള്ളം ലാബിലേക്ക് പരിശോധനയ്ക്കായി എത്തിച്ചെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും മറുപടിയില്ല.  

വേനല്‍ കനത്താല്‍ കുടിവെള്ളം ശേഖരിക്കാനുള്ള ശ്രമമുണ്ടാകുന്നത് പതിവാണ്. സുരക്ഷയില്ലാതെ വെള്ളമെത്തിക്കാനുള്ള നീക്കമാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. പണം വാങ്ങി ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്ന പലരും സുരക്ഷാ കരുതല്‍ പാലിക്കുന്നില്ലെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. പരിശോധിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചാലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ്. 

വര്‍ഷങ്ങളായി കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ശാശ്വത പരിഹാരം കണ്ടെത്താനും കഴിയുന്നില്ല. തദ്ദേശസ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന കുടിവെള്ളം പലപ്പോഴും വിശ്വസിച്ച് ഉപയോഗിക്കുന്നതാണ് സാധാരണക്കാരുടെ രീതി. 

ഉപയോഗശൂന്യമായ കിണറില്‍ നിന്ന് ശേഖരിച്ച വെള്ളമാണ് മഞ്ഞപ്പിത്തബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കടിയങ്ങാട്ടെ വിവാഹ വീട്ടില്‍ വിതരണം ചെയ്തത്. ഇത് രോഗബാധയ്ക്ക് കാരണമായെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.