പ്രളയത്തില്‍ വീട് നശിച്ച കുടുംബങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതായി പരാതി. മലപ്പുറം തിരൂര്‍ പുറത്തൂരില്‍ വീട് പൂര്‍ണമായും തകര്‍ന്ന  രണ്ടു കുടുംബങ്ങള്‍ സര്‍ക്കാറിന്റെ കണക്കില്‍, വീട് പാതി തകര്‍ന്നവര്‍ മാത്രമാണ്. താമസിക്കാന്‍ വാടക നല്‍കുമെന്ന വാഗ്ദാനവും പാലിക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെടുന്നു.

പ്രളയത്തില്‍ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങളാണിത്.ഇവിടെ ഒരു വീടു പണിയാന്‍ സര്‍ക്കാര്‍ ഈ കുടുംബത്തിന് അനുവദിച്ചത് രണ്ടര ലക്ഷം രൂപയാണ്.സര്‍ക്കാറിന്റെ കണക്കു പ്രകാരം  പാതിമാത്രമാണ് വീട് തകര്‍ന്നത്. എങ്ങനെ രണ്ടര ലക്ഷം രൂപ കൊണ്ട് വീടു പണിയുമെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.പല തവണ ഈ പ്രശ്നം ബന്ധപ്പെട്ടവരുടെ മുന്നില്‍ ഉന്നയിച്ചതാണ്. 

തിരൂര്‍ പുറത്തൂരില്‍ രണ്ടു കുടുംബങ്ങളാണ് ഇത്തരത്തില്‍ സര്‍ക്കാറിന്റെ അവഗണനയില്‍ കഴിയുന്നത്. നിലവില്‍ പ്രളയത്തിന് ശേഷം ഈ കുടുംബങ്ങള്‍ താമസിക്കുന്നത് വാടക വീടുകളിലാണ്. കൂലിപ്പണിക്കാരായ ഇവര്‍ക്ക് വാടക നല്‍കാന്‍ പോലും കൈയില്‍ പണമില്ലാത്ത അവസ്ഥയാണ്

വീടു പണിയുന്നതുവരെ താമസ സൗകര്യമെങകിലും സര്‍ക്കാര്‍ ഒരുക്കണമെന്നാണ് ഈ കുടുംബങ്ങളുടെ ആവശ്യം.