ബത്തേരിയിൽ കുടില്‍ കെട്ടി ഭൂസമരം; നീതി തേടി നൂറോളം കുടുംബങ്ങള്‍

വയനാട് ബത്തേരി തൊവരിമല മിച്ചഭൂമിയില്‍ ആദിവാസിവിഭാഗക്കാര്‍ ഉള്‍പ്പടെ നൂറോളം കുടുംബങ്ങള്‍ കുടില്‍ കെട്ടി ഭൂസമരം ആരംഭിച്ചു. സിപിഐ എംഎല്‍ നിയന്ത്രണത്തിലുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് കയ്യേറ്റം. 

1970 ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡില്‍ നിന്നും ബത്തേരി താലൂക്കില്‍ ഉള്‍പ്പെട്ട തൊവരമലയിലെ ഭൂമി ഏറ്റെടുത്തിരുന്നു. നൂറ് ഹെക്ടറോളമുളള്ള മിച്ചഭൂമിയുടെ കസ്റ്റോഡിയനായി വനം വകുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തു.

ഇതാണ് നൂറോളം കുടുംബങ്ങള്‍ കയ്യേറിയത്. അതീവ രഹസ്യമായി പൊലീസിന്റെ കണ്ണുവെട്ടിച്ചായിരുന്നു ഇന്നലെ ഭൂമിയില്‍ പ്രവേശിച്ചത്. 

കുത്തകകള്‍ നിമയമവിരുദ്ധായി കൈശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാണ് ആവശ്യം.

സിപിഐ എം.എല്‍  നിയന്ത്രണത്തിലുള്ള അഖിലേന്ത്യ വിപ്ലവ കിസാന്‍ സഭയുടെയും ആദിവാസി ഭാരത് മഹാസഭയുടെയും നേതൃത്വത്തിലാണ് കയ്യേറ്റം.

മിച്ചഭൂമിയുടെ പരിസരപ്രദേശങ്ങളിലുള്ളവരാണ് സമരം ചെയ്യുന്നവരില്‍ ഏറെയും. ഭൂമിയില്‍ കൃഷിയിറക്കാനാണ് തീരുമാനം. വരും ദിവസങ്ങളിലും കൂടുതല്‍ പേരെത്തുമെന്ന് സമരസമിതി അറിയിച്ചു. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമം തുടങ്ങി.