ഒലിപ്പുഴയിലെ സ്ഥിരം തടയണ യാഥാര്‍ഥ്യമായില്ല; കുടിവെള്ളക്ഷാമം

മലപ്പുറം പാണ്ടിക്കാട് മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന ഒലിപ്പുഴയിലെ സ്ഥിരം തടയണ ഇനിയും യാഥാര്‍ഥ്യമായില്ല. ലക്ഷങ്ങള്‍ ചെലവിട്ട് താല്‍ക്കാലിക തടയണ നിര്‍മിച്ചിട്ടും പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. 

പാണ്ടിക്കാട്, മേലാറ്റൂര്‍, ആനക്കയം, കീഴാറ്റൂര്‍, എടപ്പറ്റ പഞ്ചായത്തുകളില്‍ കുടിവെള്ളത്തിനുള്ള പ്രധാന ആശ്രയമാണ് ഒലിപ്പുഴ. വേനല്‍ കടുത്തതോടെ പുഴയിലെ നീരൊഴുക്ക് ദിവസേന കുറയുകയാണ്. മേഖലയിലെ മിക്ക പ്രദേശങ്ങളും വരള്‍ച്ചയുടെ പിടിയിലാണ്. ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളമാണ് ഏക ആശ്രയം. എന്നാല്‍ കുടിവെള്ള പദ്ധതിയുടെ പമ്പിങ് സ്റ്റേഷനുള്ള പാണ്ടിക്കാട് ഒറവും പാലത്തിന് സമീപം ഒലിപ്പുഴയില്‍ സ്ഥിരം തടയണവേണമെന്ന ആവശ്യം ഇനിയും യാഥാര്‍ഥ്യമായില്ല. 

വര്‍ഷംതോറും ലക്ഷങ്ങള്‍ മുടക്കിയാണ് ഇവിടെ താല്‍ക്കാലിക തടയണ നിര്‍മിക്കുന്നത്. ഇത്തവണ ഏഴുലക്ഷം രൂപയാണ് ചെലവ്. സ്ഥിരം തടയണയ്ക്കായി പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് കഴിഞ്ഞ വര്‍ഷം അഞ്ചരക്കോടിയുടെ എസ്റ്റിമേറ്റ് ജലവിഭവവകുപ്പിന് കൈമാറിയിരുന്നു.

കുടിവെള്ളം മുട്ടിയിട്ടും സ്ഥിരം തടയണയ്ക്കായി നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്.