നെല്ലറയുടെ മണ്ണിൽ വിഷുദിനത്തില്‍ ഭൂമിപൂജ

നൂറുമേനി വിളവുനേടാൻ നെല്ലറയുടെ മണ്ണിൽ വിഷുദിനത്തില്‍ ഭൂമിപൂജ. കർഷകനും തൊഴിലാളികളും ഒത്തുചേരുന്ന പരമ്പരാഗത കൃഷി ആചാരമായ ചാലിടൽ ചടങ്ങ് ഇന്നും പാലക്കാടൻ പാടങ്ങളിലുണ്ട്.  

ഇതുവരെ ലഭിച്ച വിളവിന് നന്ദി പറഞ്ഞും ഇനിയുളള കൃഷിയില്‍ നൂറ് മേനി വിളവ് പ്രതീക്ഷിച്ചും കർഷകനും തൊഴിലാളികളും ഒത്തുചേരുകയാണ് . ചാലിടൽ ചടങ്ങ് എന്ന വിഷുദിനത്തിലെ പരമ്പരാഗത കൃഷി ആചാരം ഇന്നും മുറതെറ്റാതെ പാലക്കാടൻ പാടങ്ങളിൽ കാണാം. കാഞ്ഞിരത്തിന്റെ ഇല കൊണ്ട് കുമ്പിളുണ്ടാക്കി കുമ്പിളിൽ വിത്ത് നിറച്ച് പുതിയ വട്ടിയിലേക്ക് വിത്ത് ഇടുന്നതിലൂടെ വിത്തളക്കൽ തുടങ്ങുന്നു. പിന്നീട് വട്ടിയിലാക്കിയ വിത്തും ആയുധങ്ങളുമായി കര്‍ഷകരും തൊഴിലാളികളും പാടത്തേക്ക് വരുന്ന കൃഷി പുറപ്പാട്. പാടത്തിന്‍റെ വലത്തേ മൂലയിലാണ് ചാലിടൽ ചടങ്ങ്. മണ്ണിളക്കി നിലവിളക്ക് കത്തിച്ച് ഭൂമി പൂജ നടത്തുകയാണ് ആദ്യപടി. പിന്നീട് കുമ്പിളുകളിൽ നിറച്ചിരിക്കുന്ന വിത്തുകള്‍ എല്ലാവരും മണ്ണില്‍ വിതറുന്നു.വിത്തിറക്കല്‍ ഉല്‍സവത്തിന് വെടിക്കെട്ടും പതിവാണ്.

കൃഷിയിറക്കലിലെ ആചാരങ്ങളും ചിട്ടകളുമൊക്കെ നിലനിര്‍ത്തുന്ന കുഴല്‍മന്ദത്തെ പാരമ്പര്യകർഷകരായ മന്ദിരാട് തറവാട്ടിലെ ചാലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ മറ്റ് കര്‍ഷകരും ഒത്തുകൂടിയിരുന്നു.  

വിഷുവിന് മുൻപ് കാര്യമായ മഴ ലഭിച്ചിട്ടില്ല. ഒന്നാംവിതയ്ക്കായി പാടം ഉഴുതുമറിച്ച് ഒരുക്കണമെങ്കിൽ മഴ പെയ്യണം. കര്‍ഷകര്‍ കാത്തിരിക്കുകയാണ്.