പുഴകളിൽ വിഷം കലർത്തി മീൻ പിടിക്കുന്നതായി പരാതി

മലപ്പുറത്തിന്റെ മലയോര മേഖലകളിലെ പുഴകളിൽ വിഷം കലർത്തി മീൻ പിടിക്കുന്നത് പതിവാകുന്നു. വലിയ മൽസ്യങ്ങൾ ഉൾപ്പടെ ചത്തുപൊങ്ങുകയാണ്. കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലായി

കഴിഞ്ഞ ദിവസം 'കരുവാരക്കുണ്ട് ഒലിപ്പുഴയിൽ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. വിഷം കലർത്തി മീൻ പിടിക്കുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്.ഇതിനു തൊട്ടുപിന്നാലെയാണ് കാളികാവ് അഞ്ചച്ചവിടി പരിയങ്ങാട് പുഴയിലും മൽസ്യങ്ങൾ ചത്തുപൊങ്ങിയത്. നൂറു കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ പുഴയാണ്. ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ ഇവിടെയെത്തിയിരുന്നു.

വലിയ മീനുകളടക്കം കൂട്ടത്തോടെ ചത്തുപൊങ്ങിതോടെ പ്രദേശത്താകെ ദുർഗന്ധമാണ്. മൂന്നിലധികം പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന മധുമല കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും  പുഴയുടെ സമീപത്താണ്. കുടിവെള്ള സ്രോതസുകൾ മലിനമാക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കാളികാവ് പൊലിസ് അന്വേഷണം ആരംഭിച്ചു