വേനല്‍ മഴയില്‍ വ്യാപക കൃഷിനാശം

നിനച്ചിരിക്കാതെയെത്തിയ വേനല്‍ മഴയില്‍ കാസര്‍കോട് ജില്ലയുടെ മലയോര മേഖലയില്‍ വ്യാപക കൃഷിനാശം. മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ വാഴയും റബ്ബറും ഉള്‍പ്പെടെയുള്ള വിളകളാണ് ഒടിഞ്ഞു വീണത്. 

കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് മലയോര മേഖലയില്‍ ശക്തമായ കാറ്റോടെ മഴയെത്തിയത്. വീശിയടിച്ച കാറ്റില്‍ നിരവധി കര്‍ഷകരുടെ റബ്ബറും, വാഴയും, കവുങ്ങുമെല്ലാം ഒടിഞ്ഞുവീണു. 

കോടോംബേളൂർ പഞ്ചായത്തിലാണ് കൂടുതല്‍ നാശം. കുലച്ച് തുടങ്ങിയ വാഴകള്‍ കൂട്ടത്തോടെ നശിച്ചത് വായ്പയെടുത്ത് കൃഷി നടത്തിയ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുപുല്ലൂർ പെരിയ, കിനാനൂർ കരിന്തളം, മടിക്കൈ, കയ്യൂർ ചീമേനി എന്നീ പഞ്ചായത്തുകളിലും കാറ്റ് വ്യാപക നാശം വിതച്ചു.ഈ മേഖലകളിലെല്ലാം ലക്ഷങ്ങളുടെ നഷ്ടമുണ്ടായാതായാണ് കണക്കൂകള്‍ സൂചിപ്പിക്കുന്നത്. കൃഷിഭവൻ മുഖേന സർക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

വേനല്‍മഴ ലഭിച്ച പ്രദേശങ്ങളില്‍ ചൂടിന് അല്‍പം ശമനമായി. വരും ദിവസങ്ങളില്‍ ജില്ലയില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.