കാസര്‍കോട് നീലേശ്വരം മുണ്ടേമ്മാട് ദ്വീപ് കരയിടിച്ചിൽ ഭീഷണിയിൽ

കാസര്‍കോട് നീലേശ്വരം മുണ്ടേമ്മാട് ദ്വീപ് കരയിടിച്ചിൽ ഭീഷണിയിൽ. അനധികൃത മണലെടുപ്പാണ് നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഈ ദ്വീപിനെ അപകടാവസ്ഥയിലെത്തിച്ചത്. 

വിസ്തൃതി കുറഞ്ഞ് വിസ്മൃതിയിലേക്കു നീങ്ങുകയാണു നീലേശ്വരത്തെ മുണ്ടേമ്മാട് ദ്വീപ്. ദ്വീപിന്റെ 250 മീറ്റർ തീരം ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ശേഷിക്കുന്ന ഭാഗത്ത് കരയിടിച്ചിൽ ഭീഷണിയുയര്‍ത്തുന്നു. അരികുകൾ ഇടിയുന്നതുകൊണ്ട് ദ്വീപിലെ വീടുകളും തകർച്ചയുടെ വക്കിലാണ്. ബലക്ഷയത്തെ തുടര്‍ന്ന് പല വീടുകളുടേയും ചുവരുകളില്‍ വിളളല്‍ വീണു.രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ തുടരുന്ന  മണല്‍ വാരല്‍ കാരണം പുഴയുടെ ആഴം കൂടിയതാണ് ദ്വീപിനും, ഇവിടുത്തെ താമസക്കാര്‍ക്കും ഭീഷണിയാകുന്നത്.

മണൽ വാരലിനെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിക്ഷേധവുമായി രംഗത്തെത്തിയിരുന്നു. നിയമലംഘനം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെ തോണികള്‍ പിടിച്ചെടുക്കുയും ചെയ്തു. എന്നാല്‍ പ്രതിക്ഷേധങ്ങളുടേയും, പരിശോധനയുടേയും ശക്തികുറയുന്നതോടെ മണല്‍ മാഫിയ കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തനം തുടരും. ദ്വീപിന്റെ അപകടവസ്ഥ ചൂണ്ടിക്കാട്ടി ഇവിടുത്തെ താമസക്കാര്‍ വിവിധ തലങ്ങളില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. കരയിടിച്ചില്‍ തടയാന്‍ ശേഷിക്കുന്ന ഭാഗങ്ങളും ഭിത്തി കെട്ടി സംരക്ഷിക്കണമെന്നും മണൽ കൊള്ളക്ക് തടയിടമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് ദ്വീപ് സംരക്ഷണത്തിനായി രൂപീകരിച്ച ജനകീയ സമിതിയുടെ നിലപാട്.