നെയ്ത്ത് ഫാക്ടറി സർക്കാർ ഏറ്റെടുക്കാൻ കാലതാമസം; പ്രതിഷേധം

കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള തുടര്‍നടപടികള്‍ നീളുന്നതില്‍ പ്രതിഷേധം കടുപ്പിച്ച് സമരസമിതി.  തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുന്‍പ്  അനുകൂല ഇടപെടല്‍ ഉണ്ടാകുമെന്ന വാഗ്ദാനവും പാഴായി.  മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചുള്ള തൊഴിലാളികളുടെ കാത്തിരിപ്പ് മാസങ്ങള്‍ പിന്നിടുകയാണ്.

ഫാക്ടറി അടച്ചുപൂട്ടുന്നതിനും സ്ഥലവിൽപന നടത്തുന്നതിനുമെതിരെ കഴിഞ്ഞ 10 വർഷമായി തൊഴിലാളികൾ സമരത്തിലാണ്. ഫാക്ടറി ഏറ്റെടുക്കാനായി  2012ൽ നിയമസഭ പാസാക്കിയ ബിൽ കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി ഒപ്പുവച്ചിട്ടുണ്ട്. പൂട്ടിക്കിടന്ന കാലത്തെ ആനുകൂല്യങ്ങൾ നൽകാൻ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ 2017ൽ വിധിച്ചിട്ടും ഇനിയും നടപടികളായിട്ടില്ലെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. 

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികള്‍ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.  2009ല്‍ നഷ്ടം കാണിച്ച്  പൂട്ടിയതുമുതല്‍ ഫാക്ടറിക്ക് മാറിമാറി കാവല്‍ നില്‍ക്കുകയാണ് തൊഴിലാളികള്‍. ഭൂമാഫിയയുടെ ഇടപെടലാണ് നടപടി വൈകിക്കുന്നതെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.