വണ്ടൂരിൽ ജലക്ഷാമം രൂക്ഷം

വോള്‍ട്ടേജ് ക്ഷാമം മൂലം മലപ്പുറം വണ്ടൂരിലും മലയോര മേഖലയിലും രൂക്ഷമായി ജലക്ഷാമം. വൈദ്യുതി പ്രതിസന്ധി  മൂലം അയ്യായിരത്തോളം കുടുംബങ്ങളിലേക്കുളള ശുദ്ധജല വിതരണത്തെ ബാധിച്ചു കഴിഞ്ഞു.  

നിലമ്പൂര്‍ വടപുറത്തിനടുത്ത് ചാലിയാറിലെ താളിപ്പൊയില്‍ കടവില്‍ നിന്നാണ് വണ്ടൂരിലെ വലിയ ടാങ്കിലേക്ക് വെളളം പമ്പു ചെയ്യുന്നത്. മമ്പാട് റഗുലേറ്ററുളുളളതുകൊണ്ട് ചാലിയാറില്‍ നിറയെ വെളളമുണ്ട്. പക്ഷെ വണ്ടൂരിലെ ടാങ്കിലേക്ക് വെളളമെത്തുന്നില്ല. പുഴയിലെ കിണറില്‍ വെളളമുണ്ടായിട്ടും കുടിവെളളക്ഷാമം പതിവായതോടെയാണ് നാട്ടുകാര്‍ പരാതിയുമായെത്തുന്നത്. 

വലിയ മോട്ടോര്‍ പ്രവര്‍ത്തിക്കാന്‍ കാലങ്ങളായി വോള്‍ട്ടേജ് ഇല്ലെന്ന കാരണം പറഞ്ഞ് ഉപഭോക്താക്കളെ മടക്കി അയക്കുകയാണ് ജല അതോറിറ്റി. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ക്കൊപ്പം ജലസേചന ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ പരിഹരിക്കാമെന്ന ഉറപ്പു ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.