കോഴിക്കോട് തെരുവുനായയുടെ ആക്രമണമുണ്ടായ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

കോഴിക്കോട് ഉള്യേരിയില്‍ തെരുവുനായയുടെ ആക്രമണമുണ്ടായ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമെന്ന് മൃഗസംരക്ഷണവകുപ്പ്. നായയുടെ കടിയേറ്റ മുപ്പതിലേറെ വളര്‍ത്തുമൃഗങ്ങള്‍ നിരീക്ഷണത്തിലാണ്. പ്രദേശം മ‍ൃഗസംരക്ഷണ വകുപ്പ് സംഘം സന്ദര്‍ശിച്ചു.

ചീഫ് വെറ്ററിനറി ഓഫിസര്‍ നീന കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തെരുവുനായ ആക്രമണമുണ്ടായ മാമ്പൊയില്‍, തെരുവത്തക്കടവ്, കൂനഞ്ചേരി എന്നിവിടങ്ങളില്‍ സംഘമെത്തി. പല മൃഗങ്ങള്‍ക്കും മുഖത്താണ് കടിയേറ്റത്. ഇവയുടെ മുറിവ് പകുതിയിലധികം ഉണങ്ങിയിട്ടുണ്ട്. മുടങ്ങാതെ പ്രതിരോധ കുത്തിവയ്പെടുക്കല്‍, കൃത്യമായ നിരീക്ഷണം, പരിചരിക്കുന്നവരുടെ ആരോഗ്യസുരക്ഷ, തുടങ്ങിയ കാര്യങ്ങള്‍ ചിട്ടയാണെന്ന് ഉറപ്പിച്ചു. ഉടമസ്ഥര്‍ക്ക് മതിയായ നിര്‍ദേശം നല്‍കി പരമാവധി സഹായം നല്‍കുമെന്നും സംഘം വ്യക്തമാക്കി. 

പ്രദേശത്ത് തെരുവുനായയുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന പതിനാലില്‍ പത്തുപേരും അപകടനില തരണം ചെയ്തിട്ടുണ്ട്. പലരും ആശുപത്രി വിട്ടു. ഇവര്‍ മെഡിക്കല്‍ സംഘത്തിന്റെ നീരീക്ഷണത്തിലാണ്. ആക്രമിച്ചതില്‍ ചില നായ്ക്കള്‍ക്ക് പേവിഷബാധയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വേണ്ടത്ര മരുന്നെത്തിക്കുന്നതിനൊപ്പം ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ കൂടുതല്‍ അംഗബലം ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.