ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു; ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി

വയനാട് തേറ്റമലയില്‍ ആദിവാസി യുവതി ഒാട്ടോറിക്ഷയില്‍ പ്രസവിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകും വഴിയാണ് പടിഞ്ഞാറത്തറ കാവര കോളനിയിലെ സരിത വാഹനത്തില്‍ പ്രസവിച്ചത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് പടിഞ്ഞാറത്തറ കാവര കോളനിയിലെ സരിതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഒാട്ടോറിക്ഷയിലാണ് വെള്ളമുണ്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് തിരിച്ചത്. 

പോകും വഴി തേറ്റമമയ്ക്ക് സമീപം ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. ഒാട്ടോ ഡ്രൈവറുടെയും സമീപത്തെ ഒരു വീട്ടമ്മയുടെയും സന്ദര്‍ഭോജിതമായ ഇടപെടലുകള്‍ സഹായകരമായി. അമ്മയെയും കുഞ്ഞിനെയും ഉടന്‍തന്നെ മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചു. എടവക രണ്ടേ നാൽ ചെറുവയൽ കോളനിയിലെ സുരേഷിന്റെ ഭാര്യയാണ് സരിത.

അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.