വെസ്റ്റ് നൈല്‍ പനി; തിരൂരങ്ങാടിയില്‍ വിദഗ്ധസംഘം പരിശോധനയ്ക്കെത്തി

ആറുവയസുകാരനില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മലപ്പുറം തിരൂരങ്ങാടിയില്‍ തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധസംഘം പരിശോധനയ്ക്കെത്തി. പ്രദേശത്തെ നാലു കിണറുകളില്‍  രോഗം പരത്തുന്ന കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി.  

എ.ആര്‍. നഗറിലെ ആറു വയസുകാരന് വെസ്റ്റ് നൈല്‍ പനി കണ്ടെത്തിയതോടെയാണ് തിരുവനന്തപുരത്തു നിന്നുളള വിദഗ്ധസംഘം വീടുകളിലും ജലസ്രോതസുകളിലും പരിശോധന നടത്തുന്നത്. പ്രദേശത്തെ നാലു കിണറുകളില്‍ രോഗം പരത്തുന്ന ക്യൂലെക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകളുടെ സാന്നിധ്യം കണ്ടെത്തി. ഈ ഭാഗത്തത് അടുത്തിടെ കാക്കകള്‍ ചത്തു വീണതായും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷികളില്‍ നിന്ന് കൊതുകു വഴിയാണ് രോഗം മനുഷ്യരിക്ക് പകരാറുളളത്.

രോഗം ബാധിച്ച ആറു വയസുകാരന്‍ കോഴിക്കോട് ചികില്‍സയിലാണ്. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കുട്ടി. വെല്ലുര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 2011ല്‍ ആലപ്പുഴ സ്വദേശിക്കും വെസ്റ്റ് നൈല്‍ പനി കണ്ടെത്തിയിരുന്നു. രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.