പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു

കോഴിക്കോട് പന്തീരാങ്കാവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ പൊലീസ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു.  ഒളവണ്ണ പഞ്ചായത്തിലെ കൊടല്‍നടക്കാവിലുള്ള വനിതാവ്യവസായകേന്ദ്രത്തിന്റെ ഭൂമിയിലാണ്  സ്റ്റേഷന്റെ പ്രവര്‍ത്തനം.  

നിരവധി തവണ പ്രഖ്യാപിച്ചിട്ടും സ്ഥലം കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് പന്തീരാങ്കാവില്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടനിര്‍മാണം നിശ്ചലമായത്. തുടര്‍ന്ന് കഴിഞ്ഞ വ ര്‍ഷം  ഒളവണ്ണയിലെ വനിതാവ്യവസായകേന്ദ്രത്തിന്റെ ഭൂമി വിട്ടുനല്‍കുകയായിരുന്നു. താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് ഇവിടുത്തെ പ്രവര്‍ത്തനം.  സ്ഥിരം കെട്ടിടം നിര്‍മിക്കാന്‍ അറപ്പുഴ മണക്കടവ് റോഡിലെ റവന്യുഭൂമി കണ്ടെത്തിയിട്ടുണ്ട്. 

പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു. 

പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പി.ടി.എ.റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദീന്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനസംഖ്യയിലും വിസ്തൃതിയിലും സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തായ ഒളവണ്ണയെയും പെരുമണ്ണ പഞ്ചായത്തിനെയും ചേര്‍ത്താണ് സ്റ്റേഷന്‍ പരിധി നിശ്ചയിച്ചിരിക്കുന്നത്.