മാതാംതോടിനെ വീണ്ടെടുക്കാനൊരുങ്ങി നാട്ടുകാർ

thodu
SHARE

കൈയ്യേറ്റവും മാലിന്യവും കാരണം ഒഴുക്കുനിലച്ച കോഴിക്കോട് ഉള്ള്യേരി മാതാംതോടിനെ വീണ്ടെടുക്കാന്‍ നാട്ടുകാര്‍. നവീകരണത്തിനായി നബാര്‍‍ഡ് നല്‍കിയ ലക്ഷങ്ങളുള്‍പ്പെടെ പഞ്ചായത്ത് പാഴാക്കിയെന്നാണ് ആക്ഷേപം. പൂര്‍ണമായ സംരക്ഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉപവാസം തുടങ്ങി.

മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ഞൂറിലധികം കുടുംബങ്ങളാണ് തോടിനെ ആശ്രയിക്കുന്നത്. കുടിവെള്ളത്തിനൊപ്പം കൃഷിയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം തോട്ടിലെ വെള്ളം ശേഖരിച്ചിരുന്നു. കിണറുകളിലും വേണ്ടത്ര വെള്ളമുണ്ടായിരുന്നു. നിലവില്‍ മാലിന്യക്കൂമ്പാരവും കൈയ്യേറ്റവും ഒഴുക്കിനെ തടസപ്പെടുത്തുകയാണ്. തോട് ഉപയോഗശൂന്യമാകുന്ന അവസ്ഥ. നബാര്‍‍‍ഡ് അനുവദിച്ച അറുപത് ലക്ഷം രൂപയുടെ നവീകരണവും എങ്ങുമെത്തിയില്ല. 

പഞ്ചായത്ത് മൈതാനത്തിന് സമീപത്ത് നിന്ന് തുടങ്ങി തെരുവത്തുകടവ് രാമന്‍പുഴയില്‍ പതിക്കുന്ന തോട് ഗ്രാമപഞ്ചായത്തിന്റെ പ്രധാന ജല ഉറവിടമാണ്. വേണ്ടരീതിയില്‍ സംരക്ഷിച്ചാല്‍ വേനല്‍ക്കാലത്തും ജലസാന്നിധ്യം ഉറപ്പാക്കാനാകും. തോടിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുവീണിട്ടുണ്ട്. വേനല്‍ കനത്തതോടെ തോട്ടിലെ നീരൊഴുക്ക് കുറ‍ഞ്ഞു. കനാല്‍ തുറക്കുന്നതോടെ ഇത് പരിഹരിക്കാനാകും. ബസ് സ്റ്റേഷനിലുള്ള പഞ്ചായത്തിന്റെ ശുചിമുറി മാലിന്യം തോട്ടിലേക്കാണ് എത്തുന്നതെന്ന് പരാതിയുണ്ട്. ഇതിനെ മറയ്ക്കുന്നതിനാണ് നവീകരണം നടത്താന്‍ വിസമ്മതിക്കുന്നത്. മാതാംതോടിന് ഓരോ ബജറ്റിലും അനുവദിക്കുന്ന ലക്ഷങ്ങള്‍ പാഴാക്കിക്കളയുന്നതായും ആക്ഷേപമുണ്ട്. പരാതി വ്യാപകമായിട്ടും പരിഹാരമില്ലാതെ വന്നതോടെയാണ് യൂത്ത് കോണ്‍ഗ്രസ് സമരത്തിനിറങ്ങിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പ്രതിഷേധത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്.  

MORE IN NORTH
SHOW MORE