കാസര്‍കോട് നഗരസഭയിൽ ഭരണ-പ്രതിക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

കാസര്‍കോട് നഗരസഭയുടെ ബജറ്റ് അവതരണത്തിനിടെ ഭരണ-പ്രതിക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം. ബജറ്റിന്മേലുള്ള ചര്‍ച്ച ഉച്ചയ്ക്കുശേഷം നടത്താന്‍ തീരുമാനിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. 

വെറും പതിനഞ്ച് മിനിറ്റു കൊണ്ട് വൈസ് ചെയര്‍മാന്‍ എല്‍.എ. മഹമ്മുദ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. പദ്ധതികള്‍ക്ക് നീക്കിവച്ച തുക സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങള്‍ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പതിനൊന്ന് മണിയോടെ ബജറ്റ് അവതരണം പൂര്‍ത്തിയായെങ്കിലും വിശദമായ ചര്‍ച്ച ഉച്ചയ്ക്കുശേഷം നടത്താമെന്ന് ചെയര്‍പേഴ്സണ്‍ ബീഫാത്തിമ അറിയിച്ചു. ഇതോടെ എതിര്‍പ്പുമായി പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം രംഗത്തെത്തി. എന്നാല്‍ ചെയര്‍പേഴ്സന്റെ നിലപാട് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷാംഗങ്ങള്‍ എഴുന്നേറ്റതോടെ ബഹളം തുടങ്ങി.

ഇതിനിടെ പ്രതിക്ഷേധം കണ്ടില്ലെന്നു നടിച്ച് ചെയര്‍പേഴ്സണ്‍ ചേംബറിലേയ്ക്കു മടങ്ങി. മാധ്യമങ്ങളെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ചര്‍ച്ച വൈകീപ്പിക്കുന്നതതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അംഗങ്ങള്‍ക്ക് ബജറ്റ് പഠിക്കാനുള്ള സമയം അനുവദിക്കണമെന്ന കീഴ്‍വഴക്കമുള്ളതു കൊണ്ടാണ് ചര്‍ച്ച മാറ്റിവച്ചതെന്ന് ചെയര്‍പേഴ്സണ്‍ ബീഫാത്തിമ അറിയിച്ചു.