കല്‍പറ്റയില്‍ തീപിടുത്തത്തില്‍ ആറ് നിലയുള്ള തുണിക്കട കത്തിനശിച്ചു

വയനാട് കല്‍പറ്റയില്‍ വന്‍ തീപിടുത്തം. ആറ് നിലയുള്ള തുണിക്കട ഭൂരിഭാഗവും കത്തിനശിച്ചു. ജോലിക്കാരെയും ഉപഭോക്താക്കളെയും സമയോചിതമായി ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കോഴിക്കോട് നിന്നും ഫയര്‍ഫോഴ്സിന്റെ അധിക യൂണിറ്റുകള്‍ എത്തി പുലര്‍ച്ചയോടെയാണ് തീ പൂര്‍ണമായും അണച്ചത്.

രാത്രി എട്ട് മണിയോടെയാണ് കല്‍പറ്റയിലെ സിന്ദൂര് ടെക്സ്റ്റൈല്‍സിന് തീപിടിച്ചത്. മുകളിലത്തെ നിലയിലായിരുന്നു ആദ്യം അഗ്നിബാധ. കട അടിച്ചിരുന്നില്ല. നാട്ടുകാരും ജോലിക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഫയര്‍ഫോഴ്സിന്റെ ആദ്യ യൂണിറ്റ് എത്തുമ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു.

ആളുകള്‍ കുടുങ്ങിക്കിടക്കുന്നെന്ന അഭ്യൂഹം വലിയ ആശങ്കക്കിടയാക്കി. ആളുകള്‍ തടിച്ചുകൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. വയനാട്ടിലെ മുഴുവന്‍ യൂണിറ്റിനൊപ്പം കോഴിക്കോട് നിന്നും അഞ്ച് യൂണിറ്റുകള്‍ കൂടിയെത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഞ്ചു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ ഏറെക്കുറെ അണച്ചത്. നാശനഷ്ടങ്ങളുടെ കണക്കെടുത്തിട്ടില്ല.