വന്യമൃഗശല്യത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി പുല്‍പ്പള്ളിയിലെ കര്‍ഷകര്‍

വന്യമൃഗശല്യത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി പുല്‍പ്പള്ളിയിലെ കര്‍ഷകര്‍. സമരത്തിന്റെ ആദ്യ പടിയായി പുല്‍പ്പള്ളിയിലെ വനം വകുപ്പ് റേഞ്ച് ഒഫീസില്‍ നൂറുകണക്കിന് കര്‍ഷകര്‍ ധര്‍ണ നടത്തി. 

ജനവാസ കേന്ദ്രത്തിലെത്തുന്ന കടുവയെ കൂടുവെച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ നേരത്തെയുള്ള ആവശ്യമാണ്.എന്നാല്‍ ഇതിനുള്ള തുടര്‍ നടപടികള്‍ക്ക് വേഗതയില്ലെന്നാണ് ആക്ഷേപം. വന്യമ‍ഗങ്ങള്‍ വരുത്തിവെക്കുന്ന നഷ്ടപരിഹാരവും ലഭിക്കുന്നില്ല. ഇത് സമയബന്ധിതമായി വിതരണം ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. പുല്‍പ്പള്ളി ചെതലയം റേഞ്ച് ഒാഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു. സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ധര്‍ണ്ണ.

കൂടു സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. ഉടന്‍ പരിഹാരമായില്ലെങ്കില്‍ അടുത്ത ഘട്ട സമരമായി റോഡ് ഉപരോധം സംഘടിപ്പിക്കാനാണ് കര്‍ഷക കൂട്ടായ്മയുടെ തീരുമാനം.