ഭൂമിദേവി ഋതുമതിയായന്ന് വിശ്വാസം; ഏര്‍പ്പ് ഉത്സവം ആഘോഷിച്ച് ഉത്തരകേരളം

ആര്‍ത്തവം അശുദ്ധമാണെന്ന പ്രചാരണങ്ങള്‍ക്കിടയില്‍ ഭൂമിദേവി ഋതുമതിയായതിന്റെ സന്തോഷത്തിലാണ് ഉത്തരകേരളത്തിലെ ചില ഗ്രാമങ്ങള്‍. ഏര്‍പ്പ് ഉത്സവം എന്നു പേരിട്ടിരിക്കുന്ന ആഘോഷം പയ്യന്നൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഭൂമിദേവി രജസ്വലയാകുന്നു എന്ന വിശ്വാസമാണ് ഈ കാര്‍ഷികോത്സവത്തിന് പിന്നില്‍.

മലയാളമാസം മകരം ഇരുപത്തിയെട്ടിനാണ് ഉത്തരകേരളത്തിലെ ഗ്രാമങ്ങളില്‍ ഏര്‍പ്പ് ഉത്സവം ആഘോഷിക്കുന്നത്. മുന്‍കാലങ്ങളിലെല്ലാം നാട്ടുജീവിതത്തിലെ പ്രധാന ആഘോഷമായിരുന്നു ഇത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാഴ്ച. ഉത്സവത്തിന്റെ ഭാഗമായി വീടുകളില്‍ തുവര പായസം ഉണ്ടാക്കുന്നതാണ് പ്രധാന ചടങ്ങ്. 

ഈ ദിവസം ഭൂമി പുഷ്പിണിയാകുന്നു എന്നാണ് വിശ്വസം. അതുകൊണ്ടു തന്നെ ഈ ദിവസം ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തില്ല. ചൂലുകൊണ്ട് മുറ്റം പോലും അടിക്കാതെ ഭൂമിയെ സംരക്ഷിക്കുന്നു. മകരം അവസാനത്തോടെ വേനലിന്റെ വരവറിയിച്ച് കാറ്റിന് ശക്തി കൂടും. ഇങ്ങനെ പ്രകൃതിയിലെ മാറ്റങ്ങളും ഏര്‍പ്പ് ഉത്സവത്തിന്റെ ചടങ്ങുകളില്‍ പ്രതിഫലിക്കും. പട്ടം പറത്തിയാണ് ഈ ദിവസം കുട്ടികള്‍ ആഘോഷമാക്കുന്നത്. 

വേലിയേറ്റ വേലിയിറക്കങ്ങളിലുള്‍പ്പടെ മാറ്റമുണ്ടാകുമെന്നാണ് പഴമക്കാരുടെ വിശ്വാസം. കാലം മാറിയെങ്കിലും ഭൂമി ഋതുമതിയാകുന്നതിന്റെ ആഘോഷം ഇന്നും വടക്കിന്റെ ഗ്രാമീണക്കാഴ്ചയായി തുടരുന്നു.