ഉപ്പുവെള്ളം കിണറുകളില്‍ എത്തി; കുടിവെള്ളമില്ലാതെ നാട്ടുകാർ

കടലുണ്ടിപുഴയില്‍ നിന്ന് ഉപ്പുവെള്ളം കിണറുകളില്‍ എത്തിയതോടെ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് മലപ്പുറം തേഞ്ഞിപ്പലം കടക്കാട്ടുപാറയിലെ കുടുംബങ്ങള്‍.കൊല്ലേരിതോട്ടില്‍ സ്ഥിരം തടയണ നിര്‍മിക്കാത്തതിനെ തുടര്‍ന്നാണ് കിണറുകളില്‍  ഉപ്പുവെള്ളം എത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

കടലുണ്ടിപ്പുഴയില്‍ നിന്ന് കൊല്ലേരി തോട് വഴി ഉപ്പുവെള്ളം കിണറുകളിലെത്തുന്നത്. വേലിയേറ്റ സമയത്ത് തോട്ടിലേക്ക് വെളളം കയറുന്നതോടെ കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയില്ല. രുചി വ്യത്യാസത്തിനു പുറമെ വെള്ളത്തിന്റെ നിറത്തിലും മാറ്റമുണ്ട്. കൊല്ലേരി തോട്ടില്‍ സ്ഥിരം തടയണ നിര്‍മിക്കണമെന്ന ഈ പ്രദേശത്തുകാരുടെ ഏറെ കാലത്തെ ആവശ്യമാണ്

നിലവില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തോട്ടില്‍ താല്‍കാലികമായി തടയണ നിര്‍മിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് വേണ്ടത്ര പ്രയോജനപ്പെടുന്നില്ല. സ്ഥിരം തടയണ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.