പരിയങ്ങോട് പുഴയില്‍ തടയണ തകര്‍ന്നു; ശുദ്ധജലവിതരണം പ്രതിസന്ധിയിൽ

മലപ്പുറം കാളികാവ് പരിയങ്ങോട് പുഴയില്‍ തടയണ തകര്‍ന്നതോടെ ഒട്ടേറെ ശുദ്ധജലവിതരണ പദ്ധതികള്‍ പ്രതിസന്ധിയിലാകും. കടവില്‍ പുതുതായി സ്ഥിരം തടയണ നിര്‍മിക്കണമെന്നാവശ്യം ഉയര്‍ന്നു കഴിഞ്ഞു.

കഴിഞ്ഞ പ്രളയത്തിനിടെയാണ് പരിയങ്ങോട്ടെ തടയണയുടെ ഒരു ഭാഗം തകര്‍ന്നത്. ചോക്കാട് ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതികള്‍ക്കായി 80 ലക്ഷം ചിലവഴിച്ച് രണ്ടു വര്‍ഷം മുന്‍പാണ് തടയണയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രളയത്തിനിടെ പുഴ ഗതിമാറിയൊഴുകിയതോടെയാണ് തടയണ ഭാഗീകമായി തകര്‍ന്നത്. ഒരു ഭാഗത്തെ സംരക്ഷണഭിത്തി തകര്‍ന്നുവീണു കഴിഞ്ഞു. 

ജലസേചനവകുപ്പ് മണല്‍ച്ചാക്ക് അടുക്കി താല്‍ക്കാലികതടയണ നിര്‍മിച്ചു കഴിഞ്ഞു. എന്നാല്‍ ശക്തമായ മഴ പെയ്താല്‍ താല്‍ക്കാലിക തടണയും തകരും. ഇത് പ്രദേശത്ത് കൂടുതല്‍ കാര്‍ഷികനഷ്ടത്തിനും കാരണമാക്കും. മധുമല ശുദ്ധജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസും ഇവിടെയാണ്. സ്ഥിരം തടയണ മാത്രമാണ് പ്രശ്നപരിഹാരത്തിനുളള ഏകപോംവഴി.