കാല്‍നടയാത്രക്കാര്‍ക്ക് ലിഫ്റ്റും എസ്കലേറ്ററും; നവീന സംവിധാനങ്ങളുമായി കോഴിക്കോട്

കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ലിഫ്റ്റും എസ്കലേറ്ററുമടങ്ങിയ മേല്‍പാലവുമായി കോഴിക്കോട് കോര്‍പ്പറേഷന്‍. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് നവീന സംവിധാനങ്ങളൊരുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി. 

രാജാജി റോഡില്‍ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തോട് ചേര്‍ന്നാണ് ലിഫ്റ്റും എസ്കലേറ്ററും ചേര്‍ന്ന മേല്‍പാലം വരുന്നത്. നേരത്തെ ഇവിടെ നടപ്പാലമുണ്ടായിരുന്നെങ്കിലും യാത്രക്കാര്‍ ഉപയോഗിക്കാത്തിനെ തുടര്‍ന്ന് പൊളിച്ചുമാറ്റുകയായിരുന്നു. ഒരുകൊല്ലത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ഇതോടപ്പം മാവൂര്‍ റോഡ്, രാജാജി റോഡ് എന്നിവടങ്ങളിലെ നടപ്പാതകളും പുതുക്കി പണിയും. റോഡ് മുറിച്ചുകടക്കാന്‍ ടേബിള്‍ ടോപ്പ് ക്രോസിങ് സംവിധാനവും  പദ്ധതിയുടെ ഭാഗമാണ്. കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷനാണ് നഗരത്തിലെ അമൃത് പദ്ധതികളുടെ നിര്‍വഹണ ചുമതല.