കോരപ്പുഴയിലൂടെ മറുകരയെത്താന്‍ മാര്‍ഗമില്ലാതെ നാട്ടുകാര്‍

കോഴിക്കോട് എലത്തൂരില്‍ കോരപ്പുഴയിലൂടെ മറുകരയെത്താന്‍ മാര്‍ഗമില്ലാതെ നാട്ടുകാര്‍. സൗജന്യ ബോട്ട് ഓടുന്നുണ്ടെങ്കിലും യന്ത്രത്തകരാര്‍ കാരണം പലപ്പോഴും സര്‍വീസ് മുടങ്ങുന്നു.  പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന തരത്തില്‍ കൂടുതല്‍ ബസ് സര്‍വീസ് അനുവദിക്കുമെന്ന മന്ത്രിയുടെ വാക്കും ഇതുവരെ നടപ്പായിട്ടില്ല.   

രാവിലെ ആറര മുതല്‍ വൈകിട്ട് ഏഴ് വരെയാണ് കോരപ്പുഴയിലൂടെയുള്ള സൗജന്യ ബോട്ട് സര്‍വീസ്. പാലം പണി തുടങ്ങിയതിന് പിന്നാലെ ബോട്ട് ഓടിത്തുടങ്ങിയെങ്കിലും പലപ്പോഴും പണിമുടക്കുന്നത് പ്രതിസന്ധിയാണ്. ആള് നിറഞ്ഞാല്‍ മാത്രം ബോട്ട് നീങ്ങിയാല്‍ മതിയെന്ന നിര്‍ദേശമുള്ളതിനാല്‍ സമയക്രമം പാലിക്കാനുള്ള സാധ്യത വളരെ കുറവാണ്. ജോലി കഴിഞ്ഞ് മടങ്ങുന്ന പലര്‍ക്കും ബോട്ട് കിട്ടാത്ത സാഹചര്യവുമുണ്ട്. 

ബോട്ട് തകരാര്‍ കാരണം സ്കൂള്‍ കുട്ടികള്‍ക്കുള്‍പ്പെടെ പഠനം മുടങ്ങുന്ന അവസ്ഥയുമുണ്ട്. കാത്തിരിപ്പും കിലോമീറ്ററുകള്‍ ചുറ്റിയുള്ള സ‍ഞ്ചാരവും ഒഴിവാക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം. 

ബോട്ടില്ലാത്ത സമയം റെയില്‍വേ പാലത്തിലൂടെ ഇരുകരയെത്താനുള്ള ശ്രമം അപകടത്തിനിടയാക്കും. നേരത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ പ്രധാന റോഡുകളെ ബന്ധപ്പെടുത്തി ഇരുകരകളിലേയ്ക്കും കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇത് പാലിക്കാനായില്ല.