മികച്ച ജൈവ ഊരിനുള്ള രണ്ടാം സ്ഥാനം വഞ്ചിവയൽ ഗോത്രവർഗ ഊരിന്

സംസ്ഥാനത്തെ മികച്ച ജൈവ ഊരിനുള്ള രണ്ടാം സ്ഥാനം വള്ളക്കടവ് വഞ്ചിവയൽ ഗോത്രവർഗ ഊരിന്.  രണ്ട് ലക്ഷം രുപയും പുരസ്കാരവുമാണ് സമ്മാനായി ലഭിച്ചത്. ജൈവകുരുമുളക് കൃഷിയിലെ വിജയമാണ് ഊരിനെ അംഗീകാരത്തിന് അര്‍ഹമാക്കിയത്.  

ഇടുക്കി വണ്ടിപ്പെരിയാറിലെ വഞ്ചിവയൽ ഗോത്രവര്‍ഗ ഊരിൽ 83 കുടുംബങ്ങളാണ് താമസിക്കുന്നത് . വള്ളക്കടവിൽ നിന്ന് മൂന്നര കിലോമീറ്റർ ദൂരം പെരിയാർ കടുവ സങ്കേതത്തിലൂടെ സഞ്ചരിച്ചു വേണം വഞ്ചിവയിൽ എത്തുവാൻ.‌ കൃഷിയും, വന വിഭവങ്ങളുമാണ് വരുമാന മാര്‍ഗം.  

കുരുമുളക് , കാപ്പി, ഇഞ്ചി, ഏലം, കൃഷി ഉണ്ടെങ്കിലും പ്രധാനം കുരുമുളകാണ്. ഇവിടുത്തെ കുരുമുളകിന് ജൈവ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. എല്ലാ വർഷവും 40 ടൺ കുരുമുളകും , എട്ട് ടണ്‍ കാപ്പിയും ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്.

ചാണകവും, പച്ചിലയും മാത്രമാണ് കൃഷിയ്ക്കു വളം. ഊരിലെ എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തി  .പരിസ്ഥിതി വികസന കമ്മറ്റി രൂപികരിച്ചിട്ടുണ്ട്. ഈ കമ്മറ്റിയുടെ മേൽനോട്ടത്തിലാണ് വിപണി കണ്ടെത്തുന്നത്. പരിസ്ഥിതി വികസന കമ്മറ്റിയുടെ പ്രവര്‍ത്തനമാണ് വഞ്ചിവയല്‍ ഊരിനെ ജൈവ ഊരാക്കി മാറ്റിയത്.