കാട്ടുതേനീച്ചയുടെ ആക്രമണം; ആറു പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

മലപ്പുറം വണ്ടൂരിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ ആറു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. നടുവത്ത് പൊട്ടാലുങ്ങളിലെ കൃഷിയിടത്തിലാണ് ആക്രമണമുണ്ടായത്.  

പൊട്ടാലുങ്ങൽ സ്വദേശികളായ മഞ്ഞക്കണ്ടൻ കുഞ്ഞിമുഹമ്മദ് , പുല്ലാനിക്കാട് ശാന്തകുമാരി , തൊണ്ടംവീട്ടിൽ വേലായുധൻ , പത്തൂരാൻ ഷമീംബാബു , പത്തൂരാൻ റാഫി ,പെരിക്കാന്ത്ര ഗോവിന്ദൻ  എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവർ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.  കാട്ടുതേനീച്ചകളാണ് ആക്രമിച്ചതെന്നാണ് നിഗമനം. നൂറിലധികം കുത്തേറ്റ കുഞ്ഞിമുഹമ്മദിന് ബോധം നഷ്ടപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിമുഹമ്മദ് വണ്ടൂരിലെ സ്വാകാര്യശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. 

പുല്ലരിയുന്നതിനിടെയാണ് കുഞ്ഞിമുഹമ്മദിനെയും, ശാന്തകുമാരിയെയും തേനീച്ച ആക്രമിക്കുന്നത്. ഇരുവരുടെയും ബഹളം കേട്ട് രക്ഷിക്കാൻ ഓടിയെത്തിയവരാണ് മറ്റുള്ളവർ. എന്നാല്‍ ആക്രമണം നടത്തിയ കാട്ടുതേനീച്ചയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.