വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകർ; പയ്യാവൂരില്‍ പ്രതിഷേധം

കണ്ണൂര്‍ പയ്യാവൂരില്‍ വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ കര്‍ഷകരുടെ പ്രതിഷേധം. പാടാംകവലയിലെ വനംവകുപ്പ് ഓഫിസിന് മുന്‍പിലാണ്  കര്‍ഷകര്‍ രാപ്പകല്‍ സമരം നടത്തിയത്.

പരാതികള്‍ നല്‍കിയ മടുത്ത കര്‍ഷകരാണ് രാപ്പകല്‍ സമരം ആരംഭിച്ചത്. കൃഷിയിറക്കുന്ന ഒന്നും വിളവെടുക്കാന്‍ ലഭിക്കാറില്ല. എല്ലാം വന്യമൃഗങ്ങള്‍ തിന്നും കുത്തിയും നശിപ്പിക്കുന്നു. വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിക്കണമെന്നും നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. 

മറ്റ് സ്ഥലങ്ങളിൽ നിന്ന് പിടികൂടുന്ന കാട്ടുമൃഗങ്ങളെയും പാമ്പുകളെയും പാടാംകവല മേഖലയില്‍ തുറന്ന് വിടുന്നതായും പരാതിയുണ്ട്. കര്‍ഷകനും കൃഷിക്കും ഇന്‍ഷൂറന്‍സ് നല്‍കി സംരക്ഷണം നല്‍കണമെന്ന് സമരക്കാര്‍ പറയുന്നു.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇതിനോടകം നിരവധിപേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ഉചിതമായ ധനസഹായം ലഭിക്കുന്നില്ല. ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സമരം ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം.